മനാമ : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അടിയന്തര കോവിഡ് ചികിത്സ ഉപയോഗത്തിനായി ‘സോട്രോവിമാബ്’ ഡ്രഗിന് അംഗീകാരം നൽകി. യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം . കോവിഡ് രോഗികൾക്ക് ചികിത്സയുടെ ആദ്യഘട്ടത്തിൽ തന്നെ ഈ മരുന്ന് നൽകിയാൽ 85 ശതമാനം വരെ മരണ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന് ദേശീയ ടാസ്ക് ഫോഴ്സ് അംഗം ഡോക്ടർ ജമീല അൽ സൽമാൻ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരും നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്ന് ടാസ്ക് ഫോഴ്സ് അംഗങ്ങൾ പറഞ്ഞു . നിലവിൽ 326 കോവിഡ് രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ടെന്നും അതിൽ 270 പേരും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരാണെന്നും കൊറോണ വൈറസ് മോണിറ്ററിംഗ് കമ്മറ്റി ഹെഡ് ലെഫ്റ്റ് കേണൽ ഡോക്ടർ മനാഫ് ഖഹ്താനി പറഞ്ഞു. രാജ്യത്ത് മികച്ച ആരോഗ്യ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും കോവിഡ് മരണങ്ങൾ ആശുപത്രികളുടെ സേവനങ്ങളുടെ അഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സംബന്ധമായ തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കോവിഡിനെ നേരിടുന്നതിനുള്ള ദേശീയ ശ്രമങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 12 വയസിൽ മുതിർന്ന കുട്ടികൾക്ക് വാക്സിൻ നൽകണമെന്ന് അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം കൊവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചതായി ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മാസ്ക് ധരിക്കാത്ത 82,994 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും ബീച്ചുകളിലും സാമൂഹിക അകലം പാലിക്കാത്തതിന് 9,570 പേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്തെ ആംബുലൻസ് സേവനങ്ങളുടെ ശേഷി വർധിപ്പിച്ചതായും 18 മിനിറ്റിനുള്ളിൽ ആവശ്യക്കാർക്ക് ആംബുലൻസ് ലഭ്യമാകുന്ന തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായി റസ്റ്റോറന്റ്കളും കഫേകളും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥർ ഉടമകളോട് അഭ്യർത്ഥിച്ചു. മെയ് 27 മുതൽ 1003 റസ്റ്റോറന്റ്കളും കഫേകളും പരിശോധിച്ചതായും കോവിഡ് നിയമലംഘനം നടത്തിയ 12 സ്ഥാപനങ്ങൾ അടച്ചതായും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലിദ് അൽ മാനിയ പറഞ്ഞു. റിഫയിലെ ക്രൗൺ പ്രിൻസ് സെന്റർ ഫോർ ട്രെയിനിംഗ് ആന്റ് മെഡിക്കൽ റിസർച്ചിൽ നിന്ന് ഓൺലൈൻ ആയി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടാസ്ക് ഫോഴ്സ് ഉദ്യോഗസ്‌ഥർ.