മനാമ: കോവിഡ് രോഗികളെ നിരീക്ഷിക്കാനും സമ്പർക്ക ശൃംഖല കണ്ടെത്താനും ആരോഗ്യ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങളെ ആരോഗ്യമന്ത്രി ഫഈഖ ബിൻത് സയീദ് അൽ സലേഹ് അഭിനന്ദിച്ചു. പകർച്ചവ്യാധിയെ നേരിടാനായി രാജ്യം നടത്തുന്ന പദ്ധതികളെയും പരിപാടികളെയും ആരോഗ്യ മന്ത്രി പ്രകീർത്തിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ മന്ദിരത്തിൽ ആരംഭിച്ച നിരീക്ഷണ യൂണിറ്റ് സന്ദർശിക്കവെയാണ് ആരോഗ്യമന്ത്രി പ്രസ്താവന നടത്തിയത്. നിലവിലുള്ള രോഗികളെ വിളിക്കുക, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് യൂണിറ്റ് ഇപ്പോൾ ചെയ്യുന്നത്. ഇതുവഴി രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനായി യൂണിറ്റ് അംഗങ്ങൾ നടത്തുന്ന ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. വൈറസ്സിനെ നേരിടാനായി പ്രവർത്തിക്കുന്ന രാജ്യത്തെ എല്ലാ അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് ടീമുകൾ പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ വൈകുന്നേരം 9 വരെയാണ് പ്രവർത്തന സമയം.