മനാമ: കഴിഞ്ഞ ദിവസം ന്യൂസിലാൻറിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ ഹിസ് മജസ്ടി ഹമദ് രാജാവ് അനുശോചനം രേഖപ്പെടുത്തി. 49 പേരുടെ മരണത്തിനും നിരവധി പേരുടെ പരിക്കുകൾക്കും ഇടയാക്കിയ പൈശാചികമായ ആക്രമണത്തെ ശക്തമായി അപലപിച്ചതിനോടൊപ്പം, ന്യൂസിലാൻറ് ഗവർണർ ജനറൽ പാസ്റ്റി റെഡ്ഡി മുഖേനയാണ് അനുശോചന സന്ദേശം കൈമാറിയത്.
നിരപരാധികളെ കൊന്നൊടുക്കി ആരാധാനലയങ്ങളുടെ പവിത്രത നശിപ്പിക്കുന്ന, മതപരവും സാമൂഹികവുമായ എല്ലാ മാനുഷിക മൂല്യങ്ങളും തകർക്കുന്ന ഇത്തരം അക്രമണങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവൻ വെടിഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തി നേരുന്നതായും ആക്രമണത്തിൽ പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നതായും ന്യൂസിലാന്റിലെ സർക്കാരിനും ജനതക്കുമൊപ്പം ദുഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിൽ ഹമദ് രാജാവ് കൂട്ടിച്ചേർത്തു.