വേതന സംരക്ഷണ സംവിധാനത്തിന് കൂടുതൽ ഊന്നലായി ബെനിഫിറ്റ് കമ്പനിയും

മനാമ: സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ബെനിഫിറ്റ് കമ്പനിയുമായി ഏകോപിച്ചു. 26 ബാങ്കുകളും അഞ്ച് കമ്പനികളും ഉൾപ്പെടെയുള്ള പേയ്‌മെന്റ് സേവന ദാതാക്കളെ കൂടാതെയാണ് ബെനിഫിറ്റ് കമ്പനിയുമായി സി ബി ബി ഒരുമിച്ചത്. വേതന സംരക്ഷണ സംവിധാനം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ എല്ലാ തൊഴിലാളികളുടെയും ശമ്പളം അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് ആക്കം പകരാനാണ് പുതിയ നീക്കം. 

തൊഴിലുടമകൾ തൊഴിലാളികളുടെ വേതനം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സമയബന്ധിതമായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ അംഗീകാരമുള്ള സ്ഥാപനങ്ങൾ വഴി നൽകണമെന്നാണ് വ്യവസ്ഥ. വേതന സംരക്ഷണ സംവിധാനത്തിലെ ട്രയൽ ഏപ്രിലിൽ വിജയകരമായി പൂർത്തിയായിരുന്നു. തുടർന്ന് മെയ് ഒന്ന് മുതൽ 500 തൊഴിലാളികളോ അതിൽ കൂടുതലോ ജോലിക്കാരുള്ള സ്ഥാപനങ്ങളെ ആദ്യ ഘട്ടത്തിൽ ഉൾപെടുത്തിയിട്ടുണ്ട് . സെപ്റ്റംബർ ഒന്ന് മുതൽ രണ്ടാം ഘട്ടവും 2022 ജനുവരി 1 മുതൽ മൂന്നാം ഘട്ടവും ആരംഭിക്കും. 

 ശമ്പളം ഉറപ്പുവരുത്തി തൊഴിലുടമകളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്താനും ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ സാമ്പത്തിക സാങ്കേതിക വിദ്യകളിലൂടെ എല്ലാ വിഭാഗക്കാർക്കും കുറഞ്ഞ ചെലവിൽ സാമ്പത്തിക സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.