സമ്പൂർണ്ണ വാക്‌സിനേഷനായി ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങളെ പ്രകീർത്തിച്ച് ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് മേധാവി

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് മേധാവിയും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് പ്രസിഡന്റുമായ ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഈസ്റ്റ്‌ റിഫാ ഹെൽത്ത് സെന്ററിൽ സന്ദർശനം നടത്തി. ദേശീയ വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സന്ദർശനം നടത്തിയത്. ദേശീയ വാക്സിനേഷൻ പ്രചാരണത്തിന് മികച്ച ഫലങ്ങൾ കൈവരിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ സുരക്ഷാ പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനും, പ്രതിരോധശേഷി കൈവരിക്കുന്നതിനുമായി രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്സിൻ നൽകണമെന്ന രാജകീയ നിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു.

രാജ്യത്ത് പത്തുലക്ഷം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത് വാക്സിൻ പ്രചാരണത്തിന്റെ നിലവാരത്തെ കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ നേരിടാനായുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് വാക്സിൻ സ്വീകരിച്ചതിലൂടെ ജനങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്ന പൗരൻമാർക്ക് പ്രതിരോധകുത്തിവെപ്പ് നൽകാനുള്ള രാജകീയ നിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇതിനായി ആരോഗ്യമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും തമ്മിലുള്ള സഹകരണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.