മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം; സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ

മനാമ: രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സംവിധാനം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു. വടക്കൻ ഗവർണറേറ്റിലെ ബാ​ർ​ബറി​ലെ ശൈ​ഖ്​ ജാ​ബി​ർ ഹെ​ൽ​ത്ത്​​ സെന്റർ സന്ദർശിക്കവെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശാനുസരണം പ്രവർത്തനമാരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന 9 ഹെൽത്ത് സെന്ററുകളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ഹെൽത്ത് സെന്ററിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.

കോവിഡ് പ്രതിരോധ രംഗത്തെ മുൻനിര പോരാളികൾക്ക് പ്രത്യേക റാങ്ക് നൽകാനുള്ള പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തീരുമാനത്തിനെ അദ്ദേഹം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. 

പ്രൈമറി ഹെൽത്ത് സെന്റർ ബോർഡ് ഡയറക്ടർ ഡോക്ടർ അബ്ദുൽ വഹാബ് മുഹമ്മദ്, ആരോഗ്യ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഇബ്രാഹിം അലി അൽ ന​വാ​ഖ്​​ദ, പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ സി.​ഇ.​ഒ ഡോ. ​ജ​ലീ​ല അ​ൽ സ​യ്​​ദ്​ ജ​വാ​ദ്, ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ലി​ലെ ​ഓട്ടോണമസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം ഓഫീസർ ഡോക്ടർ മുഹമ്മദ് അലി അൽ ഷാ​ബാ​ൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.