മനാമ: ഊർജ്ജ മേഖലയിൽ പുതിയ പദ്ധതികൾ തുടങ്ങുന്നതിന് പരിഗണന നൽകുമെന്ന് യോഗം തീരുമാനിച്ചു . കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് അർഹമായ പരിഗണന നൽകാനും ആദരിക്കാനും അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാനുമുള്ള ഹമദ് രാജാവിന്റെ തീരുമാനത്തെ കാബിനറ്റ് അഭിനന്ദിച്ചു.
കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നതിൽ കാബിനറ്റ് സന്തോഷം രേഖപ്പെടുത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാവർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയും യോഗം പങ്കുവച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ ജനങ്ങളിൽ 69.4 ശതമാനം പേർക്കും വാക്സിൻ നൽകാൻ സാധിച്ചത് നേട്ടമാണെന്ന് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിക്കുന്നതിനുള്ള അവബോധം ജനങ്ങളിൽ ശക്തമാകുന്നതായും മന്ത്രിസഭാ വിലയിരുത്തി. ഡെൽറ്റാ വകഭേദത്തെ ചെറുക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിക്കിടയിലും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രിസഭ അനുമോദിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ കൂട്ടായ ശ്രമമാണ് വിജയത്തിന് കാരണം എന്നും മന്ത്രിസഭ പറഞ്ഞു .
സുസ്ഥിര വികസന ആവശ്യങ്ങൾ അനുസരിച്ച് അടിസ്ഥാനസൗകര്യ വികസനം, ഊർജ്ജം എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ കാബിനറ്റ് തീരുമാനിച്ചു. ധനകാര്യ അഡ്മിനിസ്ട്രേഷൻ ഓഡിറ്റ് സമിതി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉപപ്രധാനമന്ത്രി നിർദ്ദേശിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത്- മുനിസിപ്പൽ, നഗരാസൂത്രണ കാര്യമന്ത്രാലയം, തൊഴിൽ- സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം എന്നിവയുടെ പ്രവർത്തനങ്ങളിൽ കണ്ടെത്തിയ പിഴവുകൾ തിരുത്താനും നിയമലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് വിടാനുംയോഗം തീരുമാനിച്ചു. നിയമ നടപടികളിൽ വിവിധ വിഭാഗങ്ങളുമായി മന്ത്രാലയങ്ങൾ സഹകരിക്കണമെന്നും നിർദ്ദേശിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.