മനാമ: കോവിഡ് പ്രതിസന്ധിയിൽപ്പെട്ട സ്വകാര്യ മേഖലയിലെ 12 വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബഹ്റൈനി ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകും. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിെൻറ ഭാഗമായാണ് ഇൻഷുറൻസുള്ള ജീവനക്കാർക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മൂന്നു മാസത്തെ ശമ്പളം നൽകുന്നത്.
ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജൂണിൽ മുഴുവൻ ശമ്പളവും സർക്കാർ നൽകും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 50 ശതമാനം വീതവും ശമ്പളം സർക്കാർ നൽകും. സ്വകാര്യ മേഖലയിലെ 10,880 കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 58,298 പൗരന്മാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് തൊഴിൽ സാമൂഹിക, ക്ഷേമമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. 60 മില്യൻ ദീനാറാണ് ഇതിന് ചെലവ് വരുക.
കോവിഡ് പ്രത്യാഘാതം അനുഭവിക്കുന്ന മേഖലകൾ
- ട്രാവൽ, ഏവിയേഷൻ
- ഹോസ്പിറ്റാലിറ്റി, റസ്റ്റാറൻറ്
- വ്യക്തിഗത സേവനങ്ങൾ (സലൂൺ, ജിംനേഷ്യം, എൻറർടെയ്ൻമെൻറ്, ഗെയിംസ്)
- വ്യവസായ മേഖല
- ആരോഗ്യ മേഖല
- ട്രാൻസ്പോർട്ട്
- റിഹാബിലിറ്റേഷൻ, ട്രെയ്നിങ്
- റീെട്ടയ്ൽ മേഖല (ഭക്ഷ്യോൽപന്നങ്ങൾ ഒഴികെ)
- അഡ്മിനിസ്ട്രേറ്റിവ് സേവനങ്ങൾ (പബ്ലിക് റിലേഷൻസ്, മീഡിയ, ഇവൻറ് മാനേജ്മെൻറ്)
- റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ടെക്നിക്കൽ, കോൺട്രാക്ടിങ് ഒാഫിസുകൾ)
- പ്രാദേശിക പത്രങ്ങൾ, മാഗസിനുകൾ
- പ്രതിസന്ധി നേരിടുന്ന മറ്റു മേഖലകൾ (വൻകിട കമ്പനികൾ, ഇൻഷുറൻസ് മേഖല എന്നിവ ഒഴികെ)