മനാമ: പതിമൂന്നാമത് ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിന് ജൂലൈ ഒന്നിന് തുടക്കമാകും. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ്ൻറെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിക്കിടയിലും സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുപോകുമെന്ന സന്ദേശമാണ് ലോകത്തിന് നൽകാനുള്ളതെന്ന് അതോറിറ്റി പ്രസിഡൻറ് ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് തുടങ്ങിയതുമുതൽ സാങ്കേതികരംഗത്ത് മികച്ച നിക്ഷേപമാണ് അതോറിറ്റി നടത്തിയത്. ഇതിെൻറ ഫലമായി ബഹ്റൈനിലെ മാത്രമല്ല, ലോകമെങ്ങുമുള്ള കലാപ്രേമികൾക്ക് ഓൺലൈനായി പരിപാടികൾ കാണാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. സാംസ്കാരിക മുന്നേറ്റത്തിന് വിവിധ കക്ഷികളുടെ സഹകരണത്തിൻറെ ഉദാഹരണമാണ് സമ്മർ ഫെസ്റ്റിവൽ എന്നും അവർ കൂട്ടിച്ചേർത്തു. ജൂലൈ ഒന്നിന് തുടങ്ങുന്ന സമ്മർ ഫെസ്റ്റിവൽ ജൂലൈ 31വരെ നീളും. അതോറിറ്റിയുടെ വെബ്സൈറ്റിലും (culture.gov.bh) സമൂഹമാധ്യമങ്ങളിലും യൂടൂബിലും പരിപാടികൾ തത്സമയം കാണാനുള്ള അവസരമുണ്ട്.