മനാമ: കഴിഞ്ഞ അഞ്ച് മാസത്തിനിടെ 114 ഗ്രാമിൽ കൂടുതൽ ഹെറോയിൻ, 8 കിലോഗ്രാം കഞ്ചാവ്, തുടഞ്ഞിയ മയക്കുമരുന്നുകൾ രാജ്യത്തുടനീളം കണ്ടുകെട്ടിയാതായി റിപ്പോർട്ട്. ജനുവരി ഒന്നു മുതൽ മെയ് 30 വരെ പിടിച്ചെടുത്ത മയക്കുമരുന്നിൽ 130 കിലോ ഹാഷിഷും കണ്ടെത്തി. രാജ്യത്തെ മയക്കുമരുന്ന് ഇടപാട്, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനുള്ള നടപടികൾ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. മയക്കുമരുന്നിനെതിരെ പോരാടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഇതിന് സർക്കാറിനെയും സമൂഹത്തിന്റെയും സംയുക്ത ശ്രമം ആവശ്യമാണെന്ന് ഡയറക്ടറേറ്റ് ഓപ്പറേഷൻസ് വിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുൽ ഇസ്മായിൽ പറഞ്ഞു.
ഈ വർഷത്തിന്റെ ആദ്യപകുതിയിൽ തന്നെ 149 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ജനുവരി മുതൽ മെയ് മാസത്തിനിടയിൽ ബഹ്‌റൈനിൽ 343 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 245 കിലോ ഹാഷിഷും, ഹെറോയിനും, മരിജ്വാനയും തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടിയിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങളുടെയും അധികാരികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ 97% ദേശീയ മയക്കുമരുന്ന് വിരുദ്ധ പദ്ധതിയുടെ ആദ്യ പതിപ്പ് വിജയിപ്പിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ രണ്ടാം പതിപ്പ് പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണ്.
രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിനായി കർശനമായ പരിശോധനകളും നിയന്ത്രണങ്ങളും ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാഘോഷങ്ങളിൽ കഴിഞ്ഞ ദിവസം ബഹ്‌റൈൻ പങ്കു ചേർന്നിരുന്നു. മയക്കുമരുന്ന് വിമുക്ത സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുകയും ചെയ്യുകയാണ് അന്താരാഷ്ട്ര ദിനാഘോഷത്തിലൂടെ ചെയ്യുന്നതെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.