മനാമ: ബഹ്റൈനിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ പ്രാഥമിക ഉറവിടം ഇറാൻ ആണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഫോറൻസിക് സയൻസ് ഡയറക്ടർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ഇറാൻ മയക്കുമരുന്ന് കടത്തിന്റെ ബഹ്റൈനിലേക്കുള്ള ഉറവിടം ആണെന്ന് അദ്ദേഹം പറഞ്ഞു. 2007 മുതൽ 2021 വരെ ക്യാപ്റ്റഗൺ, ഓപിയം, ഹാഷിഷ്, ഷാബു എന്നിവയുൾപ്പെടെ 3 ടണ്ണും 72 കെ.ജി വിവിധ മയക്കുമരുന്നുകളും ഉദ്യോഗസ്‌ഥർ കണ്ടുകെട്ടി.
ഇറാനികളുമായി ചേർന്ന് ജല ഗതാഗതം വഴി മയക്കുമരുന്ന് നടത്തിയ 52 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. മിക്ക കേസുകളിലും കടൽ തീരത്ത് നിന്നും മയക്കുമരുന്നുകൾ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.
നിരവധി കേസുകളിൽ പങ്കാളികളും കള്ളക്കടത്ത് ശൃംഖലയിലെ അംഗങ്ങളുമായ പ്രതികളെ പിടികൂടുന്നതിന്റെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഇത് പോലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ പ്രതിഫലിപ്പിക്കുന്നുവെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. രാജ്യത്തെയും ദേശീയ നേട്ടങ്ങളെയും സംരക്ഷിക്കുന്നതിന് ബഹ്റൈൻ യുവാക്കളെ മയക്കുമരുന്ന് ആസക്തിയിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പൊതു സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.