മനാമ: നഗരവികസനത്തിൻറെ കാര്യത്തിൽ ബഹ്റൈൻ കൈവരിച്ചത് ശ്രദ്ധേയമായ പുരോഗതിയെന്ന് അറബ് രാജ്യങ്ങൾക്കുള്ള ഐക്യരാഷ്ട്ര സഭയുടെ കീഴിലെ മനുഷ്യ ആവാസകേന്ദ്രം പദ്ധതി റീജനൽ ഓഫിസ് ഡയറക്ടർ ഇർഫാൻ അലി. പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗര ആസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ മേഖലകളിലെ ചർച്ചകൾക്കായി പ്രതിനിധിസംഘത്തിനൊപ്പമാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയത്.
മനുഷ്യരാശിയുടെ സുസ്ഥിര വികസനത്തിൻറെയും അഭിവൃദ്ധിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കാൻ വിവിധ പദ്ധതികളിലും മേഖലകളിലും മന്ത്രാലയവുമായി സഹകരിക്കുന്നത് തുടരാനുള്ള താൽപര്യവും ഇർഫാൻ അലി അറിയിച്ചു.മന്ത്രാലയവും യു.എൻ മനുഷ്യ ആവാസകേന്ദ്രം പദ്ധതിയും തമ്മിലുള്ള സഹകരണത്തെ മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലഫ് പ്രശംസിച്ചു.
ബഹ്റൈനിലെ സമഗ്രവികസനത്തിെൻറ ഏറ്റവും പ്രധാന ഘടകമായ സുസ്ഥിര വികസനത്തിന് രാജ്യം പ്രത്യേക ശ്രദ്ധചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു. യു.എൻ മനുഷ്യ ആവാസകേന്ദ്രം പദ്ധതിയുടെ പങ്കാളിത്തത്തിലൂടെ അറബ് രാജ്യങ്ങൾക്കിടയിൽ പ്രാദേശികതലത്തിൽ സഹകരണത്തിൻറെ പ്രാധാന്യവും മന്ത്രി പറഞ്ഞു.
പൊതുതാൽപര്യമുള്ള നിരവധി പദ്ധതികളും ഉഭയകക്ഷി സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതും ബഹ്റൈനിലെ നഗരങ്ങളും ഗ്രാമങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതും യോഗത്തിൽ ചർച്ച ചെയ്തു.