മനാമ: ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ അഴീക്കോട് സ്വദേശി അൻസാരിക്ക് ഹോപ് ബഹ്റൈൻ ചികിത്സാസഹായം നൽകി. അംഗങ്ങളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും സമാഹരിച്ച 2.24 ലക്ഷം രൂപയാണ് നൽകിയത്. ബഹ്റൈനിലെ ബിൽഡിങ് മെറ്റീരിയൽ ഷോപ്പിൽ ജോലിചെയ്യുമ്പോഴാണ് അൻസാരിക്ക് ആരോഗ്യപ്രശ്നം നേരിട്ടത്.
വിദഗ്ധ ചികിത്സക്കായി കഴിഞ്ഞ മാസം നാട്ടിലേക്ക് പോയി. സ്വന്തമായി വീടുപോലും ഇല്ലാത്ത ഇദ്ദേഹത്തിൻറെ അവസ്ഥ മനസ്സിലാക്കിയ ഹോപ് പ്രവർത്തകർ സഹായിക്കാൻ തീരുമാനിച്ചു. സമാഹരിച്ച തുക ട്രഷറർ വി.എം. റിഷിൻ, കോഓഡിനേറ്റർ ജയേഷ് കുറുപ്പിന് കൈമാറി. സഹായത്തുക അദ്ദേഹത്തിൻറെ അക്കൗണ്ടിലേക്ക് അയച്ചതായും ഭാരവാഹികൾ അറിയിച്ചു.