മനാമ: ബഹ്‌റൈൻ ഡിജിറ്റൽ വത്കരണവുമായി ബന്ധപ്പെട്ട് 2020 ൽ തവസ്സുൽ ആപ്പിലൂടെ പരാതി സംവിധാനം വഴി പൊതു ജനങ്ങളിൽ നിന്നും ശേഖരിച്ച അഭിപ്രങ്ങളും നിർദേശങ്ങളും അവലോകനം ചെയ്ത് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി. ഡിജിറ്റൽ വത്കരണം ശ്രദ്ധാപൂർവ്വം തയ്യാറാക്കാനായി ലഭിച്ച 205 നിർദ്ദേശങ്ങൾ ഐജിഎ സമഗ്രമായി അവലോകനം ചെയ്തു. ഉപഭോക്താക്കളുടെ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനായി ദ്രുതഗതിയിലുള്ള പ്രോജക്ടുകൾക്ക് മുൻഗണന നൽകി ഡിജിറ്റലൈസേഷന്റെ ശക്തമായ സാധ്യതകളുള്ള മേഖലകളെ തിരിച്ചറിയുന്നതിൻറെ ആവശ്യകത ഐജിഎ വിശകലനം ചെയ്തു.
കോവിഡ് മഹാമാരി മൂലം ഇ-സേവനങ്ങളെ ആശ്രയിച്ച് ഡിജിറ്റലൈസേഷൻ ആവശ്യമുള്ള മേഖലകളെ തിരിച്ചറിയാൻ സാധിച്ചതായും സേവനങ്ങളുടെ എണ്ണം 470 ൽ നിന്ന് 500 ൽ അധികമായതായും ഐജിഎ അറിയിച്ചു. ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നത് സന്തോഷകരമാണെന്നും കഴിഞ്ഞ വർഷം ലഭിച്ചതുപോലുള്ള നിർദ്ദേശങ്ങൾ മേഖലകൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി ഐജിഎ സിഇഒ മുഹമ്മദ് അൽ ക്വയ്ദ് പറഞ്ഞു.