മുഹറഖ് ക്ലബിന് സമീപത്തെ പാതക്ക് ‘അഹമ്മദ് ബിൻ സൽമീൻ അവന്യൂ’ എന്ന് പേര് നൽകി. അന്തരിച്ച ഫുട്ബാൾ താരം അഹമ്മദ് ബിൻ സൽമീന്റെ പേര് പാതയ്ക്ക് നൽകണമെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവിട്ടിരുന്നു. മുഹറഖ് ക്ലബ് പ്രസിഡൻറ് ശൈഖ് അഹമ്മദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ നാമകരണ ബോർഡ് അനാച്ഛാദനം ചെയ്തു.
മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായ്, അഹമ്മദ് ബിൻ സൽമീന്റെ മക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.രാജ്യത്തെ കായികരംഗത്തിന് അഹമ്മദ് ബിൻ സൽമീൻ നൽകിയ സംഭാവനകളെ മാനിച്ച് പാതയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകാൻ നിർദേശിച്ച ഹമദ് രാജാവിന് മുഹറഖ് ക്ലബ് പ്രസിഡൻറ് നന്ദി പറഞ്ഞു. രാജ്യത്തെ എല്ലാ കായികതാരങ്ങൾക്കും മാന്യമായ പിന്തുണ രാജ്യം നൽകുന്നതാണ് അദ്ദേഹം പറഞ്ഞു. മരണപ്പെട്ട മുഹമ്മദ് അഹമ്മദ് സൽമീന്റെ മകൻ തൻ്റെ പിതാവിന് നൽകിയ ആദരവിന് നന്ദി അറിയിച്ചു.