ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം. ആദ്യ പകുതിയിൽ ബ്രസീൽ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. രണ്ടാം പകുതിയിൽ അലകടലായെത്തിയ ബ്രസീൽ ആക്രമണങ്ങളെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രതിരോധിച്ചാണ് അർജന്റീന കിരീടം തൊട്ടത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.
അര്‍ജന്റീന ജേഴ്‌സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു. ബ്രസീലിന്റെ മണ്ണില്‍ തന്നെ കിരീടം നേടാനും ടീമിനായി. 2004-ലും 2017-ലും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ ബ്രസീലിന് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല.