മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) വാർഷിക വേനൽകാല പ്രത്യേക പരിപാടിയായ ‘ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് 2021’ ന് തുടക്കം കുറിച്ചു. കനത്ത ചൂടിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുകയാണ് ലക്ഷ്യം. കുടിവെള്ളത്തിൻറെ പ്രാധാന്യവും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കാമെന്നും തൊഴിലാളികളെ ബോധവത്കരിക്കും. കഴിഞ്ഞ വർഷത്തെ പോലെ ബഹ്റൈനിലെ ബൊഹ്റ കമ്യൂണിറ്റി ഈ വർഷവും പരിപാടിയിൽ ഐ.സി.ആർ.എഫിനൊപ്പം പങ്കുചേരുന്നുണ്ട്.
ആദ്യ വിതരണം മനാമയിലെ എഫ്.ജി.ആർ വർക്സൈറ്റിൽ നടന്നു. 200ൽപരം തൊഴിലാളികൾക്ക് വെള്ളവും പഴവും നൽകി. കോവിഡ് മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ലയറുകളും വിതരണം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ മുരളീകൃഷ്ണൻ, നിഷ രംഗരാജൻ, പവിത്രൻ നീലേശ്വരം, രമൺ പ്രീത് എന്നിവർ പങ്കെടുത്തു.