റിയാദ്: വിമാനം വൈകിയതിന് യാത്രക്കാരന് അറുപത്തിനായിരത്തിൽ അധികം റിയാൽ നഷ്ടപരിഹാരം നൽകാൻ സൗദിയിൽ കോടതിവിധി. സൗദിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനം 21 മണിക്കൂർ വൈകിയതിനെതിരെയാണ് യാത്രക്കാരൻ പരാതി നൽകിയത്. പരാതിയില്‍ നഷ്ടപരിഹാരം നല്കാന് റിയാദ് അഡ്മിനിസ്ട്രേഷൻ കോടതി വിധിക്കുകയായിരുന്നു. സ്വദേശിയായ അബ്ദുല്ലാ അല്റഷീദിയാണ് തനിക്കും കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടിതിയെ സമീപിച്ചത്.
വിമാനം വൈകിയത് മൂലം തനിക്കും കുടുംബത്തിനും സാമ്പത്തിക നഷ്ടവും മാനസിക, ശാരീരിക പ്രയാസവും നേരിട്ടതായി അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. പരാതി പരിശോധിച്ച മൂന്നംഗ കോടതി ബഞ്ച് നഷ്ടപരിഹാരമായി 60617 റിയാല്‍ നല്കാന് വിധിക്കുകയായിരുന്നു.
കോടതി വിധിയുടെ പകര്‍പ്പ് പരാതിക്കാരനു കൈമാറി. എത്രയും വേഗം വിധി നടപ്പിലാക്കാൻ സൗദി എയര്‍ലൈന്‍സ് അധികൃതരോട് കോടതി ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതാണ് കോടതി വിധിയെന്ന് മുഹമ്മദ് അബ്ദുല്ലാ അല്‍റഷീദി പ്രതികരിച്ചു.