ഒരിക്കൽ കൂടി ഹജ്ജും ബലിപെരുന്നാളും ആഗതമായ്..
വിശ്വാസികളുടെ മനസ്സിൽ സന്തോഷാ തിരേകത്തിന്റെ മാരിവർഷം…
ആത്മിയോൽക്കർഷത്തിന്റെ വെള്ളിവെളിച്ചം..
ദൈവസാന്യദ്ധ്യ ത്തിന്റെ നിറഞ്ഞ അനുഭൂതിയും..
നാലായിരംവർഷങ്ങൾക്കു മുമ്പ് ജീവിച്ച ഒരു കടുംമ്പത്തിന്റെ ത്യാഗോജ്ജല ഓർമകളുടേതുമാണ് ഹജ്ജ് പെരുന്നാൾ.. സൃഷ്ടിച്ച നാഥനു മുമ്പിൽ സർവ്വതും സമർപ്പണം ചെയ്ത ഇബ്രാഹീം നബിയുടെയും പൊന്നോമന
പുത്രൻ ഇസ്മായിൽ നബിയുടെയും തന്റെ ത്യാഗ കുടുംബത്തിന്റെയും അനശ്വര ഓർമകൾ അയവിറക്കുകയാണ് ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഒന്നടങ്കം…
മനുഷ്യന്റെ സാമൂഹ്യ പ്രതിബന്ധതയും പരലോക ചിന്തയും പ്രകടിപ്പിക്കുന്ന പ്രതീകാത്മകമായ ഒരു ഉപാസനയാണ് ഹജ്ജ് ദിനം. വിശുദ്ധ ഭൂമിയിൽ ഒത്തൊരു മിക്കുന്ന പാരാവാരം മനുഷ്യമക്കൾ ഈ ലോകത്തോടായ് നൽകുന്ന സന്ദേശങ്ങൾ മാനവീകതയുടേയാണ്. യഥാർത്ഥത്തിൽ മനുഷ്യൻ എന്താണോ ആയി തീരേണ്ടത്, അഥവാ പ്രകൃതിയുടെ ചര്യ അവനിൽ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് അത് ഇസ്ലാമിലൂടെ സാക്ഷാൽകരിക്കപെടുകയാണ്..
ഇങ്ങനെ ജനതയുമായ് സുദൃഡമായ ബന്ധങ്ങൾ ഒരോ കൊല്ലവും നടക്കേണ്ടതുണ്ടെന്നത് ദൈവീക തീരുമാനവുമാണ്. ആത്യന്ത്യകമായി മാനവരാശി സമ്പൂർണ്ണത കൈവരിക്കേണ്ടത് എങ്ങെനെയെന്ന പാഠമത്രെ ഈ വിശുദ്ധ സംഘമത്തിലൂടെ നമ്മെ ഉണർത്തുന്നത്. ചരിത്രത്തിലൂടെ ഇഴമുറിയാതെ സൂക്ഷിച്ചു പോരുന്ന ജനതയെന്ന ആദർശത്തെ ഹജ്ജിലൂടെ സുതാര്യത പ്രകടിപ്പിക്കപെടുകയാണ് ചെയ്യുന്നത്.
കറുത്തവെനന്നോ വെളുത്തവെനന്നോ നീണ്ടവൻ, കുറിയവൻ, തടിച്ചവൻ, മെലിഞ്ഞവൻ, പണക്കാരൻ, പാവപ്പെട്ടവൻ, പാശ്ചാത്യനന്നോ പൗരസ്ത്യനെന്നോ യാതൊരു വകഭേതവുമില്ലാതെ എല്ലാവരും ഒരെ വേഷം ധരിച്ചും ഒരെ സൃഷ്ടാവിന്റെ അടിമകളായ് ആത്മാർത്ഥ സഹോദരങ്ങളായ് മാറുന്നതിന്റെ കൗതുകമൂറുന്ന കാഴ്ചകളാണ് ഹജ്ജിലൂടെ നമുക്ക് ദർശിക്കാൻ കഴിയുന്നത്.
മാനവസമൂഹത്തിനാകമാനം രക്തം ചിന്താതെയുള്ള നിർഭയമായ് ജീവിക്കാൻ വേണ്ടിയുള്ള മാനവീകതയുടെ സന്ദേശം നൽകുന്നതായിരുന്നു അന്നൊരിക്കൽ അറഫാ മൈതാനിയിൽ ഇബ്രാഹീം നബി(അ) മകൻ ഇസ്മായിൽ നബി(അ) യുടെയും വിളിക്കുത്തരം നൽകിയ ചരിത്രത്തിൽ തുല്യതയില്ലാത്ത ത്യാഗത്തിന്റെയും സമ്പൂർണ്ണ സമർപ്പണത്തിന്റെയും വർണ്ണ വിവേചനം കലരാത്ത ആശയ പ്രബോധനത്തിന്റെ മഹത്തായ ഇരുപത്തി മൂന്ന് വർഷത്തെ വിശുദ്ധ ജീവിതത്തിന്റെ പൂർത്തീകരണമാണ് പ്രവാചകൻ മുഹമ്മദ് നബി(സ്വ) അറഫാ മൈതാനിയിൽ നിന്നും ലോകത്തെ കേൾപ്പിച്ചത്. ഇതു തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപന മഹാസമ്മേളനവുമെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തുകയും ചെയ്തത്.
പെരുന്നാളുകൾ സേവനങ്ങളുടെയും സമർപ്പണങ്ങളുടെയും സന്ദർഭമാണ്. പാരസ്പര്യത്തിന്റെ പുതുതളിരുകൾ കിളർത്തു വരേണ്ടുന്ന കാലം. വൈകാരികത ഇരുട്ടു കൂട്ടുന്ന വർത്തമാനത്തിൽ സ്നേഹ നൂലുകൾ കൊണ്ട് പ്രധിരോധ വലകളുണ്ടാക്കാൻ പെരുന്നാളുകൾ ഉപയോഗപെടുത്തണം. അഥമ ചിന്തകൾക്ക് സ്ഥാനമില്ലന്ന് തെളിയിക്കണം. അസഹിഷ്ണുത സഹിഷ്ണുതയിലേക്ക് മാറിയാൽ മാത്രം പോര, അത്പരസ്പരം ബഹുമാനത്തിലേക്ക് കൂടി പ്രവർത്തിപ്പിക്കണം.
സ്നേഹമാണ് പെരുന്നാളുകൾ ഉൽഘോഷിക്കുന്നത്. കുടുംബത്തിലേക്ക്… അയൽക്കാരിലേക്ക്… സുഹൃത്തുക്കളിലേക്ക്.. അങ്ങനെ എല്ലാവരിലേക്കും നിഷ്കളങ്കമായ സ്നേഹ ചാലുകൾ ഒഴുകട്ടെ! ആരും ആരെയും ഒരു നിലക്കും വേദനിപ്പിക്കരുത്..അവകാശങ്ങൾ ചവിട്ടി മെതിക്കരുത്. അർഹമായത് വകവെച്ചു കൊടുക്കണം. അനർഹമായത് തേടരുത്, നേടരുത്… കാരണം നിങ്ങൾ എല്ലാവരുടെയും രക്ഷിതാവ് ഒന്നാണ്.. പിതാവൊന്നാണ്.
ശരീരവും സമ്പത്തുംഅഭിമാനവും നിങ്ങൾക്കിടയിൽ സംരക്ഷിക്കപെടണം. ഈ മഹത്തായ മൗലിക സന്ദേശങ്ങളായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ അറഫാ മീനാ ഉൽബോധനങ്ങളിൽ ലോകം ശ്രവിച്ചത്. മതത്തിന്റെ പേരിലുള്ള വിദ്വെഷങ്ങളാണ് ഇന്ന് മനുഷ്യസമൂഹത്തിൽ കൂടുതലും സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്.
അന്യമ തസ്തർക്ക് വിശ്വാസ ആചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തു കൊണ്ട്മാതൃക കാണിച്ചവരായിരുന്നു പ്രവാചകനും അവിടുത്തെ സച്ചരിതരായ അനുചരൻമാരുമെന്ന് വായിക്കപെടേണ്ടത് വർത്തമാന കാലത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയാണ്. മാനവീകതയുടെ ഒന്നാം പാഠം അകവും പുറവും തെളിഞ്ഞു കാണുന്നവിശുദ്ധിയുടെ വെളിച്ചമാക്കേണ്ടതുണ്ട്. ഇരുട്ടിനെതിരെ വെളിച്ചത്തിന്റെ ധർമ്മ സമരങ്ങൾ കത്തി ജ്വലിക്കുംമ്പോഴാണ് തിൻമകൾ ഇല്ലാത്ത പ്രവാചക ദർശനനങ്ങളുടെ ഉണർത്തലുകൾക്ക് പ്രസക്തി വർദ്ധിക്കുന്നത്.
ലോകത്ത് വിളക്കണക്കാൻ ഇന്ന്അധിക പേരുണ്ട്. എന്നാൽ വെളിച്ചം കൊളുത്താൻ അത്രയധികം പേർ ഉണ്ടാകണമെന്നില്ല. അറഫാ മൈതാനിയിൽ നിന്നും പാരാവാരം ജനസഞ്ചയത്തെ സാക്ഷിനിർത്തി പ്രവാചകൻ നടത്തിയ അറഫാ സന്ദേശം കേട്ടുണർന്നവർ ആ മഹിത വെളിച്ചം ലോകത്തിന് കൈമാറേണ്ടതുണ്ട്.. മാനവ സമൂഹം പ്രവാചകൻ(സ്വ)നൽകിയ പ്രകാശത്തിന്റെ സുഗന്ധവും സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കട്ടെ…
നന്മയുടെ ഒരുവാക്കും പുഞ്ചിരിയും.. സഹായ ഹസ്തങ്ങൾ.. സൗഹാർദ്ദങ്ങൾ.. ഇതൊക്കെയാണ് നാം ഇനി നട്ടുമുളപ്പിച്ചെടുക്കേണ്ടത്. മനുഷ്യമനസ്സുകളിൽ സഹിഷ്ണുതയുടെ മീനാരങ്ങൾ പണിയേണ്ടതുണ്ട്. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.. ആമീൻ..
മനസുള്ളിൽ മാനവീകത പൂത്തുലയട്ടെ…
എല്ലാവർക്കും സ്നേഹത്തിന്റെ ബലി പെരുന്നാൾ ആശംസകൾ നേരുന്നു..
– അബൂബക്കർ ഇരിങ്ങണ്ണൂർ (ബഹ്റൈൻ)