മനാമ: പൊതു നിരത്തിൽ ഇലക്ട്രിക് സ്കൂട്ടറുകളുമായി കുട്ടികൾ ഇറങ്ങുന്നത് ഗുരുതരമായ അപകടങ്ങൾ ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും സൃഷ്ടിക്കുന്നതായി അധികാരികൾ അറിയിച്ചു. ഇലക്ട്രോണിക്ക് സ്കൂട്ടറുകളുടെ വില്പന രാജ്യത്ത് നടക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ ഉപകരണം പ്രധാന റോഡുകളിലും ഹൈവേകളിലും ഉപയോഗിക്കുന്നുണ്ടെന്ന് അധികാരികൾ ചൂണ്ടിക്കാട്ടി.
സുരക്ഷിതമായ സ്ഥലങ്ങളിലാണോ കുട്ടികൾ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇലക്ട്രിക് സ്കൂട്ടർ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടില്ലന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് സ്കൂട്ടറുകൾ, ഇലക്ട്രോണിക് കിക്ക് സ്കൂട്ടറുകൾ, സെൽഫ് ബാലൻസിംഗ് ഇ സ്കൂട്ടറുകൾ, സ്കേറ്റിംഗ് ഷൂസ്എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ കുട്ടികളും മുതിർന്നവരും രാജ്യത്തു നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്. നിഷ്കര്ഷിച്ച സ്ഥലങ്ങൾക്കപ്പുറം പൊതു റോഡുകളിലേക്ക് ഇവയുമായി ഇറങ്ങുന്നത് കർശനമായി വിലക്കണമെന്നു അധികൃതർ ചൂണ്ടിക്കാട്ടി.