മനാമ: രാജ്യത്തു വേനൽ ചൂട് വർധിക്കുന്ന അവസരത്തിൽ ജാഗ്രത പാലിക്കണമെന്ന് ഓർമ്മപ്പെടുത്തി അധികൃതർ. ഈ ആഴ്ച താപനില 46 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. രാജ്യത്തെ താപനില വർധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. രാജ്യം കഠിനമായ വേനല്‍ചൂടിലേക്കാണ് നീങ്ങുന്നതെന്നും ഈര്‍പ്പം 90 ശതമാനം കടക്കുന്നതായും അധികൃതർ പറഞ്ഞു. ബഹ്‌റൈന്റെ കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇന്നലെ പരമാവധി താപനില 44 ഡിഗ്രിയും കുറഞ്ഞത് 33 ഡിഗ്രിയും രേഖപ്പെടുത്തി. വായുവിലെ ചൂട്, ആപേക്ഷിക ആർദ്രത, കാറ്റിന്റെ വേഗത എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തെ താപനിലയിൽ ഉയർച്ചയുണ്ടായിട്ടുണ്ട്.
