മനാമ: മുൻ വർഷങ്ങളിലേതിന് സമാനമായി ഇന്ഡക്സ് ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്ന് നടത്തിവരുന്ന ഈ വർഷത്തെ ഉപയോഗിച്ച പാഠപുസ്തക ശേഖരണത്തിന് തുടക്കമായി. കാമ്പയിന്റെ ഭാഗമായി ഇന്ത്യൻ ക്ലബ്ബ് അങ്കണത്തിൽ പുസ്തക ശേഖരണത്തിനായുള്ള ബോക്സ് ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫിന് നൽകി കൊണ്ട് ഇന്ഡക്സ് ഭാരവാഹി അജി ഭാസി നിർവഹിച്ചു. ഇന്ത്യൻ ക്ലബ്ബ് കൂടാതെ ബഹ്‌റൈൻ കേരളീയ സമാജം, കെ എം സി സി, സമസ്ത കേരള സുന്നി ജമാഅത്, സീറോ മലബാർ സൊസൈറ്റി, മുഹറഖ് മലയാളി സമാജം, സേക്രഡ് ഹാർട്ട് ചർച്ച്, ഗുരുദേവ സോഷ്യൽ സൊസൈറ്റി തുടങ്ങിയ സ്ഥലങ്ങളിലും പുസ്തക ശേഖരണത്തിനായുള്ള ബോക്സുകൾ വെച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കൂടി ബോക്സുകൾ വെക്കുന്നതാണെന്ന് ഇന്ഡക്സ് ഭാരവാഹികൾ അറിയിച്ചു.