മനാമ: ദക്ഷിണ ഗവർണറേറ്റിലെ മുനിസിപ്പൽ നിയമ ലംഘനങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ എട്ട് മടങ്ങ് നിയമലംഘനങ്ങളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1,952 ലംഘനങ്ങൾ രേഖപ്പെടുത്തുകയും തിരുത്തുകയും ചെയ്‌തിരുന്നു. 864 നിയമവിരുദ്ധ പരസ്യങ്ങളും അടയാളങ്ങളും പ്രദേശത്ത് നിലവിൽ പതിച്ചിട്ടുണ്ട്. 348 കെട്ടിട ലംഘനങ്ങൾ, 256 കയ്യേറ്റ കേസുകൾ തുടങ്ങി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
പൗരന്മാരുടെ വീടുകൾ പുതുക്കിപ്പണിയുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടുള്ള മുനിസിപ്പാലിറ്റിയുടെ ‘മുനിസിപ്പാലിറ്റി അറ്റ് യുവർ ഡോർ’ എന്ന സംരംഭം കൂടുതൽ ശക്തമാക്കിയപ്പോഴാണ് നിയമലംഘനങ്ങൾ പുറത്തു വന്നതെന്ന് അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.