മനാമ: സൗദി അറേബ്യയിലെ സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഹൂതി വിമതർ തുടർച്ചയായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്ന നടപടിയെ ബഹ്റൈൻ അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക തത്ത്വങ്ങൾക്ക് വിരുദ്ധമായ ആസൂത്രിതവും മനഃപൂർവവുമായ ഭീകരാക്രമണമാണ് ഹൂതികൾ നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ ദിവസം ജീസാനിലേക്ക് നാല് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം അപലപനീയമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പിന്തുണ പ്രഖ്യാപിച്ചു. യെമനിൽ സ്ഥിരത കൈവരിക്കുന്നതിന് സഖ്യ സേന നടത്തുന്ന ശ്രമങ്ങളെ ബഹ്റൈൻ അഭിനന്ദിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന ഇത്തരം ഭീകരപ്രവർത്തനങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ബഹ്റൈൻ ആവശ്യപ്പെട്ടു.