പ്രവാസികൾക്കും പെൻഷൻ വേണമെന്ന അഭിപ്രായവുമായി മുൻ എൽ.എം.ആർ.എ ചീഫ്

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നൽകുന്ന ഗ്രാറ്റിവിറ്റി സമ്പ്രദായം അവസാനിപ്പിച്ച് പകരം പെൻഷൻ നൽകണമെന്ന അഭിപ്രായവുമായി വിദഗ്ദ്ധർ. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന് പ്രവാസികൾ നൽകുന്ന പ്രതിമാസ ഗ്രാറ്റിവിറ്റി സംഭാവനകൾ തൊഴിലാളി രാജിവെച്ച ശേഷം അല്ലെങ്കിൽ അവരുടെ സേവനങ്ങൾ അവസാനിപ്പിച്ചതിന് ശേഷം പെൻഷനായി ആ തുക നൽകണമെന്ന അഭിപ്രായമാണ് മുൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഔസാമ അൽ അബ്സി പങ്കുവെച്ചതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

1976-ലെ സോഷ്യൽ ഇൻഷുറൻസ് നിയമപ്രകാരം ബഹ്റൈനികൾക്കും പ്രവാസികൾക്കും പെൻഷനുകൾക്ക് അർഹതയുണ്ടായിരുന്നു. എന്നാൽ പിന്നീട് പെൻഷൻ പൗരന്മാർക്ക് മാത്രം എന്ന നിലയിലേക്ക് ഈ സംവിധാനം മാറ്റപ്പെട്ടു. അതേസമയം പൊതു സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ അവരുടെ വിദേശ ജീവനക്കാർക്ക് സേവനാനന്തര ഗ്രാറ്റുവിറ്റി മുടക്കം കൂടാതെ നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.