മനാമ: രാജ്യത്തെ താമസ നിയമവും തൊഴിൽ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തിയ 74 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ അറിയിച്ചു. അനധികൃത തൊഴിലാളികളെയും തെരുവ് കച്ചവട നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ദക്ഷിണ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസ് നടത്തിയ പരിശോധന ക്യാമ്പയിനിലാണ് അറസ്റ്റ് നടന്നത്. അറസ്റ്റിലായവരിൽ ചിലർ വിവിധ സുരക്ഷാ കേസുകളിൽ അന്വേഷണം നേരിടുന്നവരാണ്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
