bahrainvartha-official-logo
Search
Close this search box.

ഈ തെരഞ്ഞെടുപ്പ് കാലവും പ്രവാസികൾക്ക് തർക്കിച്ച് തീർക്കാം, വോട്ടവകാശം എന്ന സ്വപ്നം വീണ്ടും ബാക്കി

95065-electionsmain

മനാമ: ഇന്ത്യാ മഹാരാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന ഏറെ പ്രാധാന്യമുള്ള 2019 തെരഞ്ഞെടുപ്പിൽ വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു പ്രവാസി വോട്ടവകാശം ലഭിക്കുന്നു എന്നത്. അതായത് പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ‘പ്രോക്സി വോട്ടിങ്’ പ്രാബല്യത്തിൽ വരുന്നു എന്നതായിരുന്നു പ്രചരണം. ഇതേ തുടർന്ന് നാടിനേ പോലെ തന്നെ വളരെ വലിയ ആവേശത്തിലായിരുന്നു പ്രവാസ ലോകത്തെ സംഘടനകളുടെ നേതൃത്വത്തിലുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കൽ മുതലുള്ള പ്രവർത്തനങ്ങളും നടന്നു വന്നിരുന്നത്. രാജ്യസഭയിൽ കുടി പാസാക്കിയാലേ ഈ ഒരവകാശം ലഭിക്കൂ എന്നതാണ് ഇപ്പൊഴത്തെ ഈ ബില്ലിന് മുകളിലുള്ള പ്രശ്നം.

2014ൽ പ്രമുഖ വ്യവസായിയും മലയാളിയുമായ ഡോ. ഷംഷീർ വയലിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജിയുടെ പിന്തുടർച്ചയിലായിരുന്നു പ്രവാസി വോട്ട് സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. ഇതേ തുടർന്ന് 2018 ഓഗസ്റ്റിൽ സർക്കാർ ലോക്സഭയിൽ ബിൽ പാസാക്കുകയും ചെയ്തതിന്റെ ഓളത്തിലായിരുന്നു ‘പ്രോക്സി വോട്ടിംഗ്’ എന്ന വാക്ക് പ്രവാസികൾ കുടുതൽ ഉച്ചരിക്കാനും ആവേശകരമായ രീതിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ അടക്കമുള്ള ക്യാംപെയിനിംങ് നടത്തി വന്നിരുന്നത്. എന്നാൽ ഇനി രാജ്യസഭയിൽ കൂടി പാസാക്കിയാലേ ഈ ഒരവകാശം പ്രാബല്യത്തിൽ വരൂ എന്നതാണ് യാഥാർഥ്യം. രാജ്യസഭയിൽ ഇതു പാസാക്കിയെടുക്കാനുള്ള നടപടികൾ ഉണ്ടായില്ല എന്നു മാത്രമല്ല പ്രവാസി വോട്ട് നടപ്പാക്കാനുള്ള ശ്രമത്തോട് കേന്ദ്ര സർക്കാർ തണുപ്പൻ പ്രതികരണമായിരുന്നു പിന്നീട് നടത്തിയത്. വിവാദമായ മുത്തലാഖ് വിഷയമടക്കം പല കാര്യങ്ങൾക്കും പാസാകാത്ത ബില്ലിന് വേണ്ടി വീണ്ടും ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ നടപടിയെടുത്തപ്പോൾ പോലും പ്രവാസി വോട്ടിന്റെ ഓർഡിനൻസിന്റെ കാര്യത്തിൽ തികഞ്ഞ അലംഭാവമായിരുന്നു സർക്കാർ പുറത്തെടുത്തത്.

പ്രോക്സി വോട്ടിന്റെ നിയമമനുസരിച്ച് വോട്ടെടുപ്പ് ദിവസം നാട്ടിലുണ്ടാകില്ലെന്ന് ഉറപ്പായ പ്രവാസി ഇതിനായി മാസങ്ങൾക്ക് മുൻപ് തന്നെ റിട്ടേണിങ് ഓഫീസറിന് തന്റെ പ്രതിനിധി ആരെന്ന് വ്യക്തമാക്കി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് തിയതികൾ ആസന്നമായ, ബില്ല് പോലും പാസാവാത്ത ഈ ഘട്ടത്തിൽ ഇത്തവണയും പ്രവാസികളുടെ വോട്ടിന്റെ കാര്യം ഗുദാഹവ എന്നല്ലാതെ എന്ത് പറയാൻ.

അപേക്ഷ സമർപ്പിച്ചവരിൽ തന്നെ പകുതിയിലധികം പേരുടേതും തള്ളിപ്പോയി എന്നതും മുൻപ് വിമർശന വിധേയമായിരുന്നു.

ബിജെപി സർക്കാർ ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരോട് കാണിച്ച തികഞ്ഞ അവഗണനയാണ് പ്രവാസി വോട്ട് നടപ്പിലാക്കാത്തത് എന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോഴും സ്വന്തം നാടിനേയും രാഷ്ട്രീയത്തേയും വികസനങ്ങളേയും അത്രയേറെ സ്നേഹിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്നവരാണ് പ്രവാസികൾ. സജീവമായ രാഷ്ട്രീയ ചർച്ചകളിലും സാമൂഹിക മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നാടിനേക്കാൾ ആവേശം പ്രവാസികൾക്കാണെന്ന് സമ്മതിക്കും വിധമാണ് ഇടപെടലുകൾ എന്നതൊരു യഥാർഥ്യം തന്നെയാണ്. സാമൂഹിക വാട്സ് ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്കും മറ്റെങ്ങും പോലെ തന്നെ ബഹ്റൈനിലും വാഗ്വാദങ്ങളാൽ നിറഞ്ഞ് നിൽക്കുന്നൊരു തെരഞ്ഞെടുപ്പ് കാഴ്ചക്കാണിപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്. എന്നിരുന്നാലും വോട്ടവകാശമില്ലാത്ത തർക്കസമിതിക്കാരും കൂലി പ്രചാരകരും പിരിവ് കാരും മാത്രമായി ഈ തെരഞ്ഞെടുപ്പ് കാലവും പ്രവാസികൾക്ക് തള്ളി നീക്കേണ്ടി വരുമെന്ന് ചുരുക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!