മനാമ: എടപ്പാൾ, തവനൂർ, വട്ടംകുളം, കാലടി നിവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഷിഫാ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ഓൺലൈൻ പെയിന്റിംഗ് മത്സരം സീസൺ മൂന്ന് സംഘടിപ്പിച്ചു. ബഹ്‌റൈനിലെയും ഇടപ്പാളയം പരിധിയിലെയും ആയിരത്തിലധികം കുട്ടികൾ പങ്കെടുത്തു. തുടർച്ചയായ മൂന്നാം വർഷമാണ് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഇത്തരത്തിലുള്ള കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിലും , കുട്ടികളിലെ സർഗാത്മകത കഴിവുകളെ പരിപോഷിപ്പിക്കുന്നതിലും ഇടപ്പാളയം നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് രതീഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു. ഇടപ്പാളയം ആഗോള കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഷാനവാസ് പുത്തൻവീട്ടിൽ, അരവിന്ദ് വട്ടംകുളം, രാജേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
ഷിഫാ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് ചെയർമാൻ അബുട്ടി കിളിയണ്ണി, പാർവതി ടീച്ചർ, അൻവർ മൊയ്‌തീൻ എന്നിവർ ആശംസകൾ നേർന്നു.
ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഫൈസൽ മാണൂർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സി.ടി അരുൺ നന്ദിയും പറഞ്ഞു. വിജയികളെ ഉടനെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.