മനാമ: അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കുന്ന മതേതര ഭാരതത്തിന്റെ പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കാൻ എന്നും മുന്നിലുണ്ടാവുമെന്ന പ്രതിജ്ഞ പുതുക്കി സ്വാതന്ത്ര്യ ദിനത്തിൽ “ഇൻക്ലൂസീവ് ഇന്ത്യ” എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്നേഹ സംഗമം പ്രൗഢമായി.
ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗമം സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു, സംഗമത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തി.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഘടകത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ബഹ്റൈൻ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ആശംസ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജന: സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച സംഗമത്തിൽ സമസ്ത ബഹ്റൈൻ നേതാക്കളായ
വി.കെ കുഞ്ഞമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ് , അബ്ദുൽ ഗഫൂർ കൈപ്പമംഗലം (കെ.എം. സി.സി) തുടങ്ങി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
സമസ്ത ബഹ്റൈൻ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാസ് കുണ്ടറ സ്വാഗതവും പി.ബി മുഹമ്മദ് മോനു നന്ദിയും പറഞ്ഞു. കോവിഡ് പശ്ചാതലത്തിൽ സൂം ആപ്ലിക്കേഷൻ വഴി ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട പരിപാടി എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ യൂറ്റൂബ് ചാനൽ വഴിയും നിരവധി പേർക്ക് വീക്ഷിക്കാനായി.