മനാമ: മുഹറഖ് മെഡിക്കൽ കോംപ്ലക്സ് നിർമാണപുരോഗതി സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയും ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹും വിലയിരുത്തി.
മുഹറഖ് ഹെൽത്ത് കെയർ സെൻറർ, മൾട്ടിപ്പിൾ സ്കലെറോസിസ് കെയർ സെൻററിൻറെയും നിർമാണമാണ് പുരോഗമിക്കുന്നത്. ഏഴ് ക്ലിനിക്കുകൾ ഉൾപ്പെടുന്നതാണ് ഹെൽത്ത് കെയർ സെൻറർ. ലബോറട്ടറി, ഫാർമസി, ഗവേഷണ കേന്ദ്രം, പ്രഭാഷണ ഹാൾ, മെഡിക്കൽ വെയർഹൗസുകൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, പാർക്കിങ് സ്ഥലം എന്നിവയും ഇതോടൊപ്പമുണ്ട്. ബഹ്റൈനിലെ പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാറിൻറെ താൽപര്യം ചെയർമാൻ ഊന്നിപ്പറഞ്ഞു. സമഗ്രമായ ആരോഗ്യപരിചരണം നൽകുന്നതിൽ രാജ്യത്തെ ആരോഗ്യമേഖല ഏറെ പുരോഗതി കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.