മനാമ: യുവജന-കായിക കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിൻറെ പ്രതിനിധിയും ദേശീയ സുരക്ഷ കൗൺസിൽ ഉപദേഷ്ടാവുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ വിദ്യാഭ്യാസ മന്ത്രി മാജിദ് ബിൻ അലി അന്നുഐമി, യുവജന-കായിക കാര്യ മന്ത്രി അയ്മൻ ബിൻ തൗഫീഖ് അൽ മുഅയ്യദ് എന്നിവരുമായി ചർച്ച നടത്തി. രാജ്യത്തിൻറെ യശസ്സും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന യുവ സമൂഹത്തിെൻറ വളർച്ചക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ശൈഖ് നാസിർ ബിൻ ഹമദിന് മന്ത്രിമാർ പ്രത്യേകം ആശംസകൾ നേർന്നു. യുവജനങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ഇരു മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയായി. ചർച്ചയിൽ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.