മനാമ: കേരള പ്രവാസി കമീഷൻ അംഗവും ഐ സി ആർ എഫ് മോർച്ചറി വിഭാഗം അംഗവുമായ സുബൈർ കണ്ണൂർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് ബാധിച്ച് മരിച്ച ഗൾഫ് പ്രവാസികളെ കേന്ദ്ര കോവിഡ് മരണലിസ്റ്റിൽ ഉൾപ്പെടുത്തി കുടുംബസഹായം നൽകണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് കൂടുതൽ സുതാര്യമാക്കണമെന്നും കോവിഡ് മഹാമാരിയിൽ അകപ്പെട്ട പ്രവാസിസമൂഹത്തിൻറെ ഉന്നമനത്തിന് ഈ തുക ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. പ്രവാസിസമൂഹം നേരിടുന്ന യാത്രാപ്രശ്നങ്ങൾ, പാസ്പോർട്ട് സേവാകേന്ദ്രത്തിൻറെ വിപുലീകരണം, പാസ്പോർട്ട് പുതുക്കൽ സമയം വേഗത്തിലാക്കുക തുടങ്ങിയ വിഷയങ്ങളും ശ്രദ്ധയിൽപെടുത്തി. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തലാക്കിയ വിമാന സർവിസ് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കുക, കോവാക്സിന് ഇതര രാജ്യങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് നടപടി എടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് ബഹ്റൈനിലെ ഇന്ത്യൻ സമൂഹം ഒരുമിച്ചുനിന്ന് സഹപ്രവാസികൾക്ക് കൈത്താങ്ങായി പ്രവർത്തിച്ച കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇവ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. കൂടിക്കാഴ്ചയിൽ ബഹ്റൈൻ പ്രതിഭ ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂരും പങ്കെടുത്തു.