ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കുത്തനെ കുറയുന്നതായി റിപ്പോർട്ടുകൾ

മനാമ: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജിസിസിയിലെ ദേശസാൽക്കരണവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മാറ്റവുമാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2016 ൽ 3.1 ദശലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു, 2017 ൽ അത് 2.6 ദശലക്ഷവും 2018 ൽ 1.9 ഉം 2019 ൽ 1.6 ഉം 2020 ൽ അത് 3,77,039 ഉം ഈ വർഷം ജൂൺ വരെ 1,65,177 ഉം ആയി അത് കുറഞ്ഞു.

ഇന്ത്യൻ പാർലമെന്റിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഈ കണക്കുകൾ വെളിപ്പെടുത്തി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ജിസിസി ദേശസാൽക്കരണ പ്രവർത്തനവും ഗൾഫ് സ്വപ്നത്തെ പിന്തുടരുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയെന്ന് ബഹ്റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷണൽ ആൻഡ് എനർജി സ്റ്റഡീസ് (ഡെറാസാറ്റ്) ഗവേഷണ ഡയറക്ടർ ഡോ ഒമർ അൽ ഉബൈദലിയും അഭിപ്രായപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.