പാരാലിമ്പിക്​സിൽ അമ്പയർ; ജോജന്റെ അഭിമാനനേട്ടത്തില്‍ സന്തോഷിച്ച് ബഹ്റൈനിലെ മലയാളി സമൂഹം

മനാമ: ടോക്യോ പാരിലിമ്പിക്‌സില്‍ ഇന്ത്യയ്ക്കും ബഹ്‌റൈനും ഒരുപോലെ അഭിമാനമായി അങ്കമാലിക്കാരന്‍ ജോജന്‍ ജോണ്‍. ടോക്യോയില്‍ നടന്ന പാരാലിംപിക്സില്‍ ഇന്ത്യക്കു സ്വര്‍ണം നേടിത്തന്ന ബാഡ്മിന്റണ്‍ മത്സരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഇന്ത്യക്കു മാത്രമല്ല, ജോജന്‍ പ്രതിനിധാനം ചെയ്ത ബഹ്റൈന്‍ എന്ന രാജ്യത്തിനും അഭിമാനമായിരിക്കുകയാണ്. 

ബാഡ്മിന്റണ്‍ ഫൈനലില്‍ സര്‍വീസ് ജഡ്ജായിരുന്ന ജോജന്‍, സെമി ഫൈനല്‍ മത്സരത്തില്‍ അമ്പയറായും പ്രവര്‍ത്തിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തിലും ഇന്ത്യന്‍ ക്ലബ്ബിലും മറ്റും ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ നിറസാന്നിധ്യമായ ഇദ്ദേഹം ഇതിനു മുന്‍പും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ അംഗീകാരമുള്ള അമ്പയര്‍ കൂടിയായ ജോജന്‍ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിലും പ്രശസ്തനാണ്. നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ബഹ്റൈനെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. 

പഠനകാലത്തും നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനാര്‍ഹനായിട്ടുള്ള ജോജന്‍, ചേര്‍ത്തല ഗവണ്മെന്റ് പോളിടെക്നിക് ബാഡ്മിന്റണ്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. അങ്കമാലി കരയാംപറമ്പില്‍ ആറുകാട്ടില്‍ തറവാട്ടിലെ ജോണ്‍ തമ്പിയുടെ മകനായ ഈ 44 കാരന്‍, കുടുംബസമേതം ബഹറിനില്‍ താമസിക്കുന്നു. മിനിയാണ് ഭാര്യ. മക്കള്‍: സച്ചിന്‍, സ്റ്റീവന്‍, സാന്ദ്ര.