മനാമ: കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ ഇന്ത്യയും ബഹ്റൈനും ചർച്ച ചെയ്തു. ഇന്ത്യൻ യുവജനകാര്യ, കായികമന്ത്രി അനുരാഗ് താക്കൂറും ബഹ്റൈൻ യുവജനകാര്യ, കായികമന്ത്രി അയ്മെൻ തൗഫിക് അൽമൊഅയ്യെദും ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും കൊവിഡ് 19 മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും വിവിധ മേഖലകളിലെ സഹകരണത്തെയും അദ്ദേഹം പ്രകീർത്തിച്ചു.
യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരസ്പര കൈമാറ്റം, സാംസ്കാരിക കൈമാറ്റങ്ങൾ എന്നിവയെക്കുറിച്ചും സ്റ്റാർട്ടപ് മേഖലയിൽ ഇരു രാജ്യങ്ങളിലെയും യുവസംരംഭകർക്കുള്ള അവസരങ്ങളെക്കുറിച്ചും ചർച്ചചെയ്തു. ഇന്ത്യയുടെ നൈപുണ്യശേഷിയെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും യുവജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ഇത് എങ്ങനെ ഉപയോഗിക്കാമെന്നും അനുരാഗ് താക്കൂർ വിശദീകരിച്ചു. കായികമേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു.