സമഗ്ര ഗതാഗതനയം റോഡപകടങ്ങളും പരിക്കുകളും 60% കുറയ്ക്കുന്നതിന് സഹായിച്ചതായി ജനറൽ ട്രാഫിക് ​ഡയറക്​ടർ

മനാമ: സമഗ്രമായ ഗതാഗതനയം നടപ്പിൽ വന്നതിനു ശേഷം 2020 വരെ റോഡ് അപകടങ്ങളും മരണങ്ങളും 60% കുറഞ്ഞതായി വെളിപ്പെടുത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് ​ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ശൈഖ്​ അബ്​ദുൽ റഹ്മാൻ ബിൻ അബ്​ദുൽ വഹാബ് ആൽ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​.

2015ൽ സമഗ്ര ഗതാഗതനയം ആവിഷ്​കരിച്ചതിനു ശേഷം അപകട നിരക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% കുറവാണ് ഈ വർഷം ഉണ്ടായത്. മേഖലയിൽ ഏറ്റവും കുറവ്​ ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ബഹ്റൈന് ഇതുവഴി കഴിഞ്ഞു.

ഈസ്​റ്റ്​ ഹിദ്ദ് സിറ്റി​, സൽമാൻ സിറ്റി, ഖലീഫ സിറ്റി തുടങ്ങിയ പുതിയ നഗരങ്ങളുടെ നിർമാണം ഇക്കാലയളവിൽ നടന്നു. വാഹനസാന്ദ്രത 21% വർദ്ധിക്കുകയും ചെയ്തു​. കനത്ത ട്രാഫിക്കും പുതിയ നഗരങ്ങളുടെ നിർമ്മാണവും ഉണ്ടായിരുന്നിട്ടും അത്തരമൊരു നേട്ടം ഒരു നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച ട്രാഫിക് സംവിധാനം, സ്​മാർട്ട്​സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗതനിയന്ത്രണം, നിയമനിർവഹണം, മൊബൈൽ പട്രോളിങ്​, അപകടസാധ്യത സ്​ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കൽ എന്നിവ അപകടങ്ങൾ കുറക്കാൻ സഹായിച്ചതായി ഡയറക്​ടർ ജനറൽ പറഞ്ഞു.

റോഡ് ഉപയോക്താക്കളുടെ അവബോധം റോഡപകടങ്ങൾ കുറക്കുന്നതിൽ പ്രധാനമാണ്. ഡ്രൈവ് ചെയ്യുമ്പോഴും ട്രാഫിക് സിഗ്നലുകൾ കടക്കുമ്പോഴും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് അപകടങ്ങളുടെ നിരക്കിൽ കുറവുവരുത്താൻ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.