‘വിമൻ എക്രോസ്’ കൂട്ടായ്മയുടെ ചാരിറ്റി സംരംഭം “കമ്മ്യൂണിറ്റി കലവറ” എല്ലാ വെള്ളിയാഴ്ചകളിലും

മനാമ: സെപ്തംബർ 10, 17 തീയതികളിൽ ഹിദ്ദ്, ഉമ്മുൽഹസ്സം സ്ഥലങ്ങളിൽ സ്‌ത്രീകളുടെ കൂട്ടായ്മയായ വിമൻ എക്രോസിൻ്റെ നേതൃത്വത്തിൽ “കമ്മ്യൂണിറ്റി കലവറ” പദ്ധതി സംഘടിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വ്യത്യസ്ത സ്ഥലങ്ങളിൽ എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിയാണ് കമ്യൂണിറ്റി പാൻട്രി. “നിങ്ങൾക്ക് കഴിയുന്നത് നൽകുക, നിങ്ങൾക്ക് ആവശ്യമുള്ളത് എടുക്കുക” എന്നതാണ് സംരംഭത്തിന്റെ മുദ്രാവാക്യം

ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ടീ ബാഗുകൾ, ചായപ്പൊടി, കാപ്പിപ്പൊടി, അരി, പഞ്ചസാര, നൂഡിൽസ്, ഓട്സ്, മാവ്, ബിസ്കറ്റ്, എന്നിവ വിതരണം ചെയ്യുകയാണ് സംഘം ലക്ഷ്യമിടുന്നത്. പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിനും ടീം സഹായിക്കുന്നു.

“സ്ത്രീകൾക്ക്‌ മാത്രമല്ല ആവശ്യമുള്ള ആളുകളിലേക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, വിഭവങ്ങൾ ആർക്കും കുറഞ്ഞു പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ആരുടെയും പിന്തുണയില്ലാതെ, ഈ സംരംഭം വിജയിക്കില്ലെന്നും ഞങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നുവെന്നും വിമൻ എക്രോസ് സ്ഥാപക പങ്കാളി സുമിത്ര പ്രവീൺ പറഞ്ഞു.

“ഈ സംരംഭത്തിലൂടെ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും സഹായം ലഭിക്കുന്നുവെന്നുള്ളതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഓരോ വാരത്തിലെയും പ്രവർത്തനങ്ങൾക്കായി തങ്ങളുടെ സോഷ്യൽ മീഡിയ പിന്തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി കോർഡിനേറ്റർ അനുപമ ബിനു പറഞ്ഞു.