മനാമ: വ്യക്തികളെ കടത്തുന്ന ക്രിമിനൽ ഗ്രൂപ്പ് രൂപീകരിച്ചതിന് 19 പ്രതികളെ ഒക്ടോബർ 12 ന് വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂഷൻ ഹൈ ക്രിമിനൽ കോടതിക്ക് കൈമാറി.
11 ഇരകളിൽ നിന്ന് ഏഴു പരാതികളാണ് പ്രതികൾക്കെതിരെ ലഭിച്ചത്. മെച്ചപ്പെട്ട ശമ്പളമുള്ള തൊഴിലവസരങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വീട്ടു ജോലിക്കാരായ സ്ത്രീകളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു എന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകളെ താമസ സ്ഥലത്ത് ബന്ദികളാക്കി അനാശാസ്യത്തിന് പ്രേരിപ്പിച്ച് പ്രതികൾ പണം സമ്പാദിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം പൂർത്തിയാക്കിയ ശേഷം, പബ്ലിക് പ്രോസിക്യൂഷൻ 18 പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഉത്തരവിടുകയും ഒളിവിൽ കഴിയുന്ന ഒരു സ്ത്രീക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. വിചാരണയ്ക്കായി പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാനും ഉത്തരവിട്ടു.