മനാമ: അൽഹിലാൽ ഹോസ്പിറ്റൽ, കാൻസർ കെയർ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ ക്യാമ്പ് ശ്രദ്ധേയമായി. സ്തനാർബുദം നേരത്തെ കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള നൂറിലധികം സ്ത്രീതൊഴിലാളികൾ പങ്കെടുത്തു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു പരിപാടി. കാൻസർ കെയർ ഗ്രൂപ് (സി.സി.ജി) നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പാർലമെൻറ് അംഗം മസൂമ ഹസൻ അബ്ദുൽ റഹീം അഭിനന്ദിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ് ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പങ്കെടുത്ത തൊഴിൽ-സാമൂഹികക്ഷേമ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അഹ്മദ് അൽ ഹൈകി സി.സി.ജിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. മന്ത്രാലയത്തിൻറെ ഭാവിപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സി.സി.ജിയെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ആശംസസന്ദേശം അയച്ചു.
അൽ ഹിലാൽ ഹോസ്പിറ്റലിലെ കൺസൽട്ടൻറ് ഗൈനക്കോളജിസ്റ്റ് ഡോ. രജനി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നൈന പരിപാടി നിയന്ത്രിച്ചു. കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജോർജ് മാത്യു നന്ദി പറഞ്ഞു. മാത്യു ജോർജ് പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് രക്തപരിശോധന കൂപ്പൺ, ഡിസ്കൗണ്ട് കാർഡ്, ഭക്ഷണം എന്നിവയും നൽകി. സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് അൽഹിലാൽ ഹോസ്പിറ്റൽ ഒക്ടോബർ മാസം ഉടനീളം വരുന്നത്.