മനാമ: ബഹ്റൈനിലെ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ ‘പ്ലെഷർ റൈഡേഴ്സിന്റെ’ ആഭിമുഖ്യത്തിൽ അമ്പതാമത് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ റൈഡ് സംഘടിപ്പിച്ചു. പരിപാടി രാവിലെ ഏഴു മണിക്ക് ബഹറിനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ബഹ്റൈൻ മാളിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ഇജാസ് അസ്ലം, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. പ്ലെഷർ റൈഡേഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ഉമേഷിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിപാടിയിൽ ജയദേവ് സ്വാഗതപ്രസംഗവും ഗ്രൂപ്പ് അഡ്മിൻ പ്രസാദ് നന്ദി പ്രകാശനവും നടത്തി. ഗ്രൂപ്പിലെ മറ്റു അഡ്മിൻ അംഗങ്ങൾ ആയ അരുൺ, അജിത്, രഞ്ജിത്, നിതിൻ, വിൻസു, അരുൺ ഗോപാലകൃഷ്ണൻ, സൈമൺ, ജെയ്സൺ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ നടത്തിയ പ്രസംഗത്തിൽ ബഹ്റൈൻ ഭരണാധികാരികളെ ദേശീയ ദിനാഘോഷ വേളയിൽ ആശംസിച്ചു. കൂടാതെ ബഹ്റൈൻ ഭരണാധികാരികളും രാജ്യവും ഇന്ത്യൻ പൗരന്മാർക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യൻ ക്ലബിന്റെ നേതൃത്വത്തിൽ മോട്ടോർസൈക്കിൾ റൈഡേഴ്സിനു വേണ്ടി പ്രത്യേകം റൈഡിങ് പദ്ധതികൾ തയ്യാറാക്കാൻ ശ്രമിക്കുമെന്ന് ചടങ്ങിൽ വെച്ച് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ. എം. ചെറിയാൻ അറിയിച്ചു.
ബഹ്റൈൻ മാളിൽ നിന്ന് പുറപ്പെട്ട റൈഡ് ബഹ്റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് സല്ലാക്കിൽ ആണ് അവസാനിച്ചത്. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുടെ സാന്നിധ്യം തങ്ങൾക്ക് വലിയ തോതിൽ പ്രചോദനമായതായും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഇനിയും തങ്ങൾ തുടരുമെന്നും പ്ലെഷർ റൈഡേഴ്സ് അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു നടത്തപ്പെട്ട പരിപാടിയിൽ റൈഡേഴ്സിനെ കൂടാതെ അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തുടങ്ങി മോട്ടോർസൈക്കിൾ റൈഡിങ് ഇഷ്ടപ്പെടുന്ന മറ്റു പലരും പങ്കെടുത്തത് ശ്രദ്ധേയമായി. ബഹ്റൈനിലെ റോഡുകളും ഗതാഗതനിയമങ്ങളും മോട്ടോർസൈക്കിൾ റൈഡിങ്ങിന് പൂർണ്ണ സുരക്ഷിതമാണെന്നും മോട്ടോർസൈക്കിൾ ലൈസൻസും സ്വന്തമായി മോട്ടോർസൈക്കിളും ഉള്ള ഏതു റൈഡറിനും ഗ്രൂപ്പിൽ അംഗം ആകാം എന്നും പ്ലെഷർ റൈഡേഴ്സ് അറിയിച്ചു.