മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ സുവര്‍ണ്ണ ജുബിലിയുടെ ഭാഗമായി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 21 ന് കണ്‍വീനര്‍ നിത്യന്‍ തോമസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിക്കും. അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ജനുവരി 28 ന് മെഡിക്കല്‍ ക്യാമ്പും ഫെബ്രുവരി 4 ന് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പും സംഘടിപ്പിക്കും.
കേരളത്തിലെ നിര്‍ധനരായ ഒരു കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ വീട് നല്‍കും. ബഹ്റൈന്‍ ഡിസ്ഏബിള്‍ഡ് സൊസൈറ്റിക്ക് ജുബിലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.സി.എ. 25 വീല്‍ചെയര്‍ നല്‍കിയിരുന്നു. ജുബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.എ. ഗ്രാന്‍ഡ്മാസ്റ്റര്‍ ഇന്റര്‍ നാഷണല്‍ ക്വിസും ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ചുവരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 11 ന് സോഫിടെല്‍ ഹോട്ടലില്‍ വെച്ചു ചാരിറ്റി ഡിന്നര്‍ സംഘടിപ്പിക്കും.
ഫെബ്രുവരി 25-ന് നടക്കുന്ന ഗോള്‍ഡന്‍ ജുബിലീ ഫിനാലെയില്‍ കേന്ദ്ര-സംസ്ഥാനമന്ത്രിമാരും, ബഹ്റൈന്‍ ഗവണ്മെന്റ് അധികാരികളും, സാമൂഹിക സാംസ്‌കാരിക കായിക മേഖലകളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും അതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫിനാലെയില്‍ ബഹ്റൈന്‍ പ്രവാസ ഭൂമികയില്‍ സമഗ്ര സംഭാവന നല്‍കിയ പ്രമുഖ വ്യക്തികളെ ആദരിക്കും. പ്രസ്തുത ചടങ്ങില്‍ ‘കെ.സി.എ. സുവര്‍ണ്ണ കാഴ്ചകള്‍’ എന്ന പേരില്‍ കെ.സി.എയുടെ ചരിത്രവും അംഗങ്ങളുടെ ഡയറക്ടറിയും കലാപരമായ സൃഷ്ടികളും ഉള്‍പ്പെടുന്ന സോവനീര്‍ പ്രകാശനം ചെയ്യും.
എബ്രഹാം ജോണ്‍ ചെയര്‍മാന്‍ ആയിട്ടുള്ള കെ.സി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റിയും കെ.സി.എ. അംഗങ്ങളും അടങ്ങിയ ഗോള്‍ഡന്‍ ജുബിലി സംഘാടക സമിതി ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കെ.സി.എ. ആക്ടിങ് പ്രസിഡന്റ് ജോഷി വിതയത്തില്‍, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറര്‍ അശോക് മാത്യു, ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സേവി മാത്തുണ്ണി, മുന്‍ പ്രസിഡന്റും രക്ഷാധികാരിയുമായ വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.