മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ” എന്ന പ്രമേയത്തിൽ ജനുവരി 28 വെള്ളിയാഴ്ച എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ സ്വാഗത സംഘം രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരിയായി സയ്യിദ് ഫഖ്റുദീൻ തങ്ങളുടെ നേത്യത്വത്തിൽ 50 അംഗ കമ്മറ്റിയാണ് രൂപികരിച്ചത്. എല്ലാ റിപ്പബ്ലിക് ദിനങ്ങളിലും രാജ്യത്തിനകത്തും പുറത്തുമായി എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ചു വരുന്ന മനുഷ്യ ജാലിക ബഹ്റൈനിൽ ജനുവരി 28 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് നടത്തപ്പെടുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ സൂം ആപ്ലിക്കേഷൻ വഴിയാണ് ഈ വർഷത്തെ മനുഷ്യ ജാലിക ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രമുഖ നോവലിസ്റ്റും സാഹിത്യകാരനുമായ കെ.പി രാമനുണ്ണി വിശിഷ്ടാതിഥിയായി പങ്കെടുക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറർ റശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തും.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും കേന്ദ്ര-ഏരിയ നേതാക്കൾക്കു പുറമെ ബഹ്‌റൈനിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.