മനാമ:
കസ്റ്റംസ് രംഗത്ത് ബഹ്റൈൻ അടിമുടി നവീകരണം നടപ്പാക്കിയതായി കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റ് മേധാവി ശൈഖ് അഹ്മദ് ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തോടനുബന്ധിച്ച് ഇറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും പുരോഗതിയിലും കസ്റ്റംസ് വഹിക്കുന്ന പങ്ക് ഏറെ സുപ്രധാനമാണ്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് കസ്റ്റംസ് അടക്കമുള്ള മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായുളള വ്യാപാര ബന്ധം ശക്തിപ്പെടുത്താനും അതുവഴി കസ്റ്റംസ് സേവനം ഏറെ മെച്ചപ്പെടുന്നതിനും സഹായകമായിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി കസ്റ്റംസ് സേവന മേഖല ആധുനികവത്കരിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർഷവും ജനുവരി 26 അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണം സംഘടിപ്പിക്കുന്ന വേളയിൽ അതിന്റെ ചുവടുപിടിച്ച് ബഹ്റൈനിലും സമാന സന്ദേശം ഉൾക്കൊണ്ട് മെച്ചപ്പെട്ട സേവനങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിക്കുന്നുണ്ട്. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് ഓപറേഷൻ മെച്ചപ്പെടുത്താനും രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിക്കുന്ന സാധനങ്ങൾ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തിൽ വിവിധ മാർഗങ്ങളിലൂടെ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി. കസ്റ്റംസ് മേഖലയിലെ നവീകരണവും ആധുനികവത്കരണവും ഓൺലൈൻ സേവന വിപുലീകരണവും നടപ്പാക്കാൻ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. കയറ്റുമതി, ഇറക്കുമതി എന്നിവയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും എളുപ്പമാക്കാനും സാധിച്ചു. മേഖലയിലും അന്താരാഷ്ട്രതലത്തിലും വിവിധ അംഗീകാരങ്ങളും തേടിയെത്തി.
ഇന്റർനാഷനൽ കസ്റ്റംസ് ഓർഗനൈസേഷൻ അധ്യക്ഷസ്ഥാനത്ത് രണ്ടാമതും ബഹ്റൈന് എത്തിപ്പെടാൻ സാധിച്ചത് ഇതിൽ എടുത്തുപറയേണ്ട വലിയ നേട്ടമാണ്. കൂടാതെ ഫ്രാൻസ് കമ്പനിയുടെ പരിശോധനകൾക്ക് ശേഷം ബ്രിട്ടൻ കമ്പനിയുടെ ഐ.എസ്.ഒ 9001:2015 അംഗീകാരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.