മനാമ: ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തെത്തുടർന്ന്, 2022 ഫെബ്രുവരി 14 വരെ രാജ്യം യെല്ലോ അലേർട്ട് ലെവലിൽ തുടരുമെന്ന് ദേശീയ മെഡിക്കല്‍ ടാസ്ക്ഫോഴ്സ് അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നടത്തിയ പത്രസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി COVID-19 നെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളുടെ പുരോഗതി നിലനിർത്തുന്നതിനാണ് ഈ തീരുമാനമെന്ന് ടാസ്ക്ഫോഴ്സ് അഭിപ്രായപ്പെട്ടു.
മുമ്പ് പ്രഖ്യാപിച്ച യെല്ലോ അലേർട്ട് ലെവൽ നടപടിക്രമങ്ങൾ എല്ലാവരും പാലിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയും കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ ടാസ്ക്ഫോഴ്സ് അംഗവുമായ ഡോ വലീദ് ഖലീഫ അൽ മനിയ ഊന്നിപ്പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ വേരിയന്റുകളുടെ ആവിർഭാവത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊറോണ വൈറസ് അണുബാധയുടെ വർധന പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽമനിയ പറഞ്ഞു. എന്നിരുന്നാലും, അതിജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വ്യാപനം നേരിടാൻ പൊതുജന അവബോധം അത്യന്താപേക്ഷിതമാണെന്നും കൂട്ടിച്ചേർത്തു.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനമെന്നും ഡോ. അൽ മനിയ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കിയ പ്രോട്ടോകോൾ അനുസരിച്ച്, 14 ദിവസത്തേക്ക് ഐ.സി.യുവിൽ പോസിറ്റിവ് കേസുകളുടെ റോളിങ് ശരാശരി 50 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ അത് ഗ്രീൻ ലെവലാണ്.
ഏഴ് ദിവസത്തേക്ക് ഇത് 51 മുതൽ 100 വരെയാണെങ്കിൽ രാജ്യം മഞ്ഞ നിലയിലേക്ക് നീങ്ങും. 101 മുതൽ 200 വരെ ആളുകൾ നാലുദിവസത്തേക്ക് ഐ.സി.യുവിലും 201 അല്ലെങ്കിൽ അതിൽ കൂടുതൽ കേസുകൾ മൂന്നുദിവസത്തേക്ക് ഗുരുതരമായ പരിചരണത്തിലാണെങ്കിൽ ചുവപ്പും ഓറഞ്ചും നടപ്പാക്കും.
ഐ.സി.യുവിലെ കേസുകൾ നിലവിൽ 15ൽ താഴെയാണെങ്കിലും അണുബാധയുടെ വർധനകാരണം മുൻകരുതൽ നടപടിയായാണ് നിലവിൽ മഞ്ഞ ലെവൽ നടപ്പാക്കിയത്. വാക്സിൻ സ്വീകരിച്ചവരിൽ (ഗ്രീൻ ഷീൽഡുകാർ) രോഗബാധിതർക്ക് ഏഴുദിവസത്തെ ക്വാറന്റീനുശേഷം പുറത്തിറങ്ങാം.
വാക്സിൻ സ്വീകരിക്കാത്ത (ഗ്രീൻ ഷീൽഡ് ഇല്ലാത്തവർ) അണുബാധയുണ്ടായ തീയതി മുതൽ 10 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും. പത്താം ദിവസം മറ്റു ടെസ്റ്റുകൾ ആവശ്യമില്ല.