മനാമ: “തണൽ” കഴിഞ്ഞ പതിനൊന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ സംഗ്രഹത്തിന്റെ ഭാഗമായി ജുഫൈറിലെ പ്രീമിയർ ഹോട്ടലിൽ വെച്ച് നടന്ന സംഗമം പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൊണ്ടും, സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖരുടെ സാന്നിധ്യo കൊണ്ടും ശ്രദ്ധേയമായി.
പരിപാടികൾക്കായി നാട്ടിൽ നിന്നെത്തിയ തണൽ ചെയർമാൻ ഡോ. വി. ഇദ്‌രീസ്, കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി. സി. അൻവർ, നെഫ്രോളജിസ്റ് ഡോ. ബെനിൽ ഹഫീഖ് എന്നിവർ തണലിന്റെ നാട്ടിലെ പ്രവർത്തങ്ങൾ വിശദീകരിച്ചു.
‘ആശ്വാസമന്വേഷിച്ചു അലയുന്നവരുടെ ആരവമാണ് ജീവിതമെങ്കില്‍ ജീവിതം തന്നെ ആശ്വാസമായി പരിണമിപ്പിക്കുന്നവരുടെ ആത്മഗാഥയാണ് “തണല്‍” എന്നും, 2009 ല്‍ കോഴിക്കോട് ജില്ലയിലെ വടകരയില്‍ വളരെ പരിമിതമായ സൗകര്യങ്ങളില്‍ മുളപൊട്ടിയ ‘തണല്‍’ ദക്ഷ്യണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് പടര്‍ന്ന് വികാസത്തിന്‍റെ വിഹായസ്സിലേക്ക് വളരുകയാണെന്നും ഡോ. ഇദ്‌രീസ് പറഞ്ഞു. ബോധവല്‍ക്കരണവും മുന്‍കരുതലുകളും മറികടന്ന് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന വൃക്ക രോഗവും തുടര്‍ന്നുള്ള ഡയാലിസിസും സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്ക് സമ്മാനിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള അവബോധത്തില്‍ നിന്നാണ് “തണല്‍” ഡയാലിസിസ് സെന്‍ററുകള്‍ പിറവിയെടുക്കുന്നതെന്നും, സ്വകാര്യ ആശുപത്രികളില്‍ 2500 രൂപയോളം ചിലവ് വരുന്ന ഡയാലിസിസ് അര്‍ഹരായവര്‍ക്ക് തികച്ചും സൗജന്യമായാണ് ‘തണല്‍’ നല്‍കിവരുന്നത്. വര്‍ഷംതോറും ആയിരക്കണക്കിന്ന് നിര്‍ധനരായ രോഗികള്‍ ഇതിന്‍റെ ഗുണഭോക്താക്കളായി മാറുന്നു. രാജ്യത്തെ പത്ത് ശതമാനം പേരെയും ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഈ വിപത്തിനെ ചെറുക്കാന്‍ ബോധവല്‍ക്കരണം രോഗനിര്‍ണ്ണയ ക്യാമ്പുകള്‍ ഡയാലിസിസ് സെന്‍ററുകള്‍ വൃക്ക മാറ്റിവെക്കുന്നതിന്ന് ആവശ്യമായ സഹായങ്ങള്‍ തുടര്‍ ചികിത്സാ പദ്ധതികള്‍ ആശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയവ സജ്ജമാക്കുന്നതില്‍ ‘തണല്‍’ അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ന്‍റെ അവസാനത്തോടെ നിലവിലുള്ളതും നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതുമായ 45 ഡയാലിസിസ് സെന്‍ററുകളിലൂടെ 400 ല്‍ പരം മെഷ്യനുകളുടെ സഹായത്താല്‍ 2500 ല്‍ അധികം രോഗികളെയാണ് തണല്‍ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്നത്. കേരളം തമിള്‍നാട് കര്‍ണ്ണാടക പോണ്ടിച്ചേരി ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ തണല്‍ വിരിക്കാന്‍ ഇതിലൂടെ സാധിക്കും.
പരാപ്ലീജിയ സെന്‍ററുകള്‍, ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള വിദ്യാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍, വിദ്യാഭ്യാസ സഹായങ്ങള്‍, മാനസീകാരോഗ്യ കേന്ദ്രങ്ങള്‍, ആംബുലന്‍സ് സര്‍വ്വീസ്, അവശ്യസഹായ കിറ്റുകള്‍ തുടങ്ങിയവയാണ് തണൽ കുടുംബത്തിൽനിന്നും സമൂഹത്തിനു ലഭിക്കുന്നതിനും അദ്ദേഹം പറഞ്ഞു.
റഫീഖ് അബ്ദുല്ല, ലത്തീഫ് ആയഞ്ചേരി, കെ. ആർ. ചന്ദ്രൻ, മുജീബ് മാഹി,അബ്ദുൽ മജീദ് തെരുവത്ത്, ശ്രീജിത്ത് കണ്ണൂർ, ഫൈസൽ പാട്ടാണ്ടി, ജമാൽ കുറ്റിക്കാട്ടിൽ, ജയേഷ് മേപ്പയ്യൂർ എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ റസാഖ് മൂഴിക്കൽ, യു.കെ. ബാലൻ എന്നിവർ തണലിന്റെ ബഹ്‌റൈനിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾ ദാസ്, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, സോമൻ ബേബി, ജാഫർ മൈദാനി, എബ്രഹാം ജോൺ, കെ. ആർ. നായർ, സി.വി. നാരായണൻ, പ്രദീപ് പുറവങ്കര, ബിനു കുന്നന്താനം, അബ്ദുൽ റസാഖ് കൊടുവള്ളി, ബഷീർ അമ്പലായി, ദീപ് കുമാർ, ആർ. പവിത്രൻ, ചെമ്പൻ ജലാൽ, ഫൈസൽ കോട്ടപ്പള്ളി, റിതിൻ രാജ്, നിസാർ കൊല്ലം, പവിത്രൻ നീലേശ്വരം, ആനാരത്ത് അഹ്മദ് ഹാജി, ഡോ. അബ്ദു റഹ്മാൻ, ഗിയാസുല്ലാഹ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഉസ്മാൻ ടിപ്പ് ടോപ്, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഹംസ മേപ്പാടി, സത്യൻ പേരാമ്പ്ര, ഹുസൈൻ വയനാട്, ഷബീർ മാഹി, എ. പി. ഫൈസൽ, റംഷാദ് മാഹി, ഇസ്മായിൽ കൂത്തുപറമ്പ്, ബിജുപാൽ ഉള്ളേരി, അലി കോമത്ത്, ഇബ്രാഹിം വില്യാപ്പള്ളി, മുനീർ വി.കെ. എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറർ റഷീദ് മാഹി നന്ദി പറഞ്ഞു.