മനാമ: ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹമെന്ന് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ. പ്രവാസി ലീഗൽ സെൽ, ബി.എം.സിയുടെ സഹകരണത്തോടെ നടത്തിയ ‘കുടിയേറ്റക്കാരും നിയമ പ്രശ്നങ്ങളും’ വിഷയത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അംബാസഡർ. ബഹ്റൈനിലുള്ള ഇന്ത്യക്കാർക്കായി പ്രവാസി ലീഗൽ സെൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അംബാസഡർ, പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. സുരക്ഷിത കുടിയേറ്റത്തെക്കുറിച്ചു കൂടുതൽ ബോധവത്കരണം ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ഇ-മൈഗ്രേറ്റ് പോർട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു.
വെബിനാറിൽ ഇന്ത്യൻ എംബസ്സിയുടെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. മാധവൻ കല്ലത്ത്, പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ കോഓഡിനേറ്റർ അമൽ ദേവ്, ജനറൽ സെക്രട്ടറി സുഷമ ഗുപ്ത, ഗവേണിങ് കൗൺസിൽ അംഗങ്ങളായ ഹിൽ കുമാർബാബു, ഗണേഷ് മൂർത്തി എന്നിവർ നേതൃത്വം നൽകി. പി.എൽ.സി യു.എ.ഇ ഹെഡ് ശ്രീധരൻ പ്രസാദ്, ജോർജിയ ഹെഡ് ജോർജ് സെബാസ്റ്റ്യൻ, തമിഴ്നാട് ചാപ്റ്റർ അഡ്വ. ശാരനാഥ് എന്നിവർ വെബിനാറിൽ സന്നിഹിതരായി.
അനധികൃത താമസം, വിസിറ്റ് വിസ, എംപ്ലോയീസ് എംപ്ലോയർ കോൺട്രാക്ടുകൾ തുടങ്ങിയ ബഹ്റൈൻ നിയമങ്ങളെ കുറിച്ച് മാധവൻ കല്ലത്ത് സംസാരിച്ചു. അഡ്വ. ജോസ് എബ്രഹാം ഇന്ത്യൻ നിയമങ്ങളെ കുറിച്ചും ഇന്ത്യയിലെ സ്വത്ത് പ്രശ്നങ്ങൾ, പ്രവാസികളുടെ ഇന്ത്യയിലുള്ള പൊതുവായ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. തമിഴ്, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ചോദ്യങ്ങൾ ചോദിക്കാനും വിശദീകരിക്കാനുമുള്ള അവസരം പരിപാടിയിൽ പങ്കെടുത്തവർക്ക് വലിയ സഹായവുമായി. വിനോദ് നാരായൺ, വന്ദന കിഷോർ എന്നിവരായിരുന്നു അവതാരകർ.