മനാമ: ബഹ്‌റൈനിൽ പ്രവാസികളുടെ എണ്ണം സ്വദേശികളേക്കാൾ കൂടുതലെന്ന് കണക്കുകൾ. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട 2021ലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 1,504,365 ആണ്. ഇവരിൽ 47.8 ശതമാനം (719,333) ആണ് ബഹ്റൈനികൾ. 52.2 ശതമാനം (785,032) പേർ പ്രവാസികളാണ്. പ്രവാസികളിൽ 50 ശതമാനത്തിൽ അധികവും 30 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.
ഒപ്പം തന്നെ രാജ്യത്തെ പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാൾ കൂടുതലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2012 മുതൽ രാജ്യത്ത് തുടരുന്ന പ്രവണതക്കാണ് ഇത്തവണയും മാറ്റമില്ലെന്ന് തെളിയിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയിൽ 925,747 പേർ പുരുഷന്മാരും 578,618 പേർ സ്ത്രീകളുമാണ്.
സ്വദേശി ജനസംഖ്യയിൽ 364891 പുരുഷന്മാരും 354442 സ്ത്രീകളും ആകുമ്പോൾ പ്രവാസികളിൽ 560856 പുരുഷന്മാരും 224176 സ്ത്രീകളുമാണുള്ളത്.
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത് കാപിറ്റൽ ഗവർണറേറ്റിലാണ്. 538,965 പേരാണ് കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ താമസം. നോർതേൺ ഗവർണറേറ്റിൽ 396,779 പേരും സതേൺ ഗവർണറേറ്റിൽ 305,191 പേരും മുഹറഖ് ഗവർണറേറ്റിൽ 263,430 പേരുമാണ് താമസം. പ്രവാസികളിൽ ബഹു ഭൂരിഭാഗവും ക്യാപിറ്റൽ ഗവർണറേറ്റിലാണ് വസിക്കുന്നത്. ക്യാപിറ്റൽ, സതേൺ ഗവർണറേറ്റുകളിൽ പ്രവാസികളും നോർതേൺ, മുഹറഖ് ഗവർണറേറ്റുകളിൽ സ്വദേശികളുമാണ് ഭൂരിപക്ഷം.
2020ൽ രാജ്യത്തെ ജനസംഖ്യ 1,472,204 ആയിരുന്നു. ഇതിൽ 925,036 പേർ പുരുഷന്മാരും 547,168 പേർ സ്ത്രീകളുമായിരുന്നു. 2032 ആകുമ്പോൾ രാജ്യത്തെ ജനസംഖ്യ 20 ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.