മനാമ: ജി.സി.സി സൈബർ സുരക്ഷ ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി. നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയാണ് ബഹ്റൈനെ പ്രതിനിധാനംചെയ്ത് ഫോറത്തിൽ പങ്കെടുത്തത്. ദുബൈ എക്സ്പോ വേദിയിൽ നടന്ന ഫോറത്തിൽ സൈബർ സുരക്ഷക്ക് നേരെയുയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അതിൽ പൊതുവായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളെക്കുറിച്ചും ചർച്ച നടന്നു. സൈബർ സ്പേസ് മേഖല കേന്ദ്രീകരിച്ചാണ് ഇന്ന് എല്ലാ ഇടപാടുകളും നടക്കുന്നത്. അതിനാൽ അതിന്റെ സുരക്ഷ വളരെ പ്രധാനമാണെന്നും ഫോറം അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങൾ സൈബർ സുരക്ഷക്കായി ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ച് പ്രതിനിധികൾ വിശദീകരിച്ചു.