ഒ ഐ സി യുടെ മുസ്ലിം സൗഹൃദ സഞ്ചാര രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന് എട്ടാം സ്ഥാനം

മനാമ: മുസ്ലിം സൗഹൃദ സഞ്ചാര രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന് എട്ടാം സ്ഥാനം. ഇസ്ലാമിക് കോ-ഓപറേഷൻ ഓർഗനൈസേഷൻ (OIC) നടത്തിയ സർവേയിലാണ് ബഹ്‌റൈൻ ആദ്യ പത്തിൽ സ്ഥാനമുറപ്പിച്ചത്. മാസ്റ്റർകാർഡ് ക്രെസന്റ് റേറ്റിംഗ് ഉപയോഗപ്പെടുത്തി ഗ്ലോബൽ മുസ്ലിം ട്രാവൽ ഇൻഡെക്സ് (ജിഎംടി ഐ ) 2019 ലാണ് യാത്രക്കാരുടെ അഭിപ്രായ സ്വരൂപണത്തിലൂടെ ഓ ഐ സി റാങ്കിങ് പ്രസിദ്ധീകരിച്ചത്.

130 രാജ്യങ്ങളുള്ള പട്ടികയിൽ മലേഷ്യയും ഇന്തോനേഷ്യയുമാണ് ഏറ്റവും മികച്ച മുസ്ലിം സൗഹൃദ സഞ്ചാര രാജ്യം എന്ന് പറയുന്നു. തുർക്കി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ, സൗദി അറേബ്യ നാലാം സ്ഥാനം കരസ്ഥമാക്കി. ജിസിസി രാജ്യങ്ങളിൽ സൗദിയാണ് ഒന്നാമത്. തൊട്ടുപിന്നിൽ തന്നെ യു.എ.ഇ, ഖത്തർ, അഞ്ചും ആറും സ്ഥാനത്തുണ്ട്. മൊറോക്കോക്ക് പിന്നിൽ എട്ടാമത് ആണ് ബഹ്‌റൈൻ.

പ്രവേശനം സാധ്യമാക്കുന്ന കടമ്പകൾ, ആശയവിനിമയങ്ങൾ, പരിസ്ഥിതി, സേവനങ്ങൾ, ആരോഗ്യ അന്തരീക്ഷം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജിഎംടിഐ മുസ്ലിം സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ റാങ്കിങ് പ്രസിദ്ധീകരിച്ചതെന്നു പറയുന്നു.

മുസ്ലിം യാത്രക്കാർ ബഹ്റൈന് സുരക്ഷാവിഭാഗത്തിൽ 100 ൽ 88 ഉം റസ്റ്റോറന്റുകൾ വിഭാഗത്തിൽ 70ഉം ആശയവിനിമയ രംഗത്തിന് 69 ഉം സ്കോറുകൾ നൽകി. യാത്രക്കാർക്ക് ആവശ്യമുള്ള എയർപോർട്ട് സൗകര്യങ്ങൾ ഒരുക്കുന്നതിലും പള്ളികൾ സ്ഥാപിക്കുന്നതിലും കൂടാതെ മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിലും ബഹ്‌റൈൻ ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്.

2026 ആകുമ്പോഴേക്കും ആഗോള സമ്പദ്വ്യവസ്ഥയിൽ ഹലാൽ യാത്രാ നിക്ഷേപം 35 ശതമാനം വർദ്ധിക്കുകയും 2020 ൽ 220 ബില്യൺ ഡോളറിൽ നിന്ന് 300 ബില്യൺ ആയി ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മുസ്ലീം യാത്രക്കാരുടെ മതപരവും സാംസ്കാരികപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നത്തിന് പ്രത്യേക സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുമെന്ന് മാസ്റ്റർകാർഡിന്റെ ഇന്തോനേഷ്യ, മലേഷ്യ ഡിവിഷൻ പ്രസിഡന്റ് സഫ്ദർ ഖാൻ പറഞ്ഞു.