മനാമ: മുൻ വർഷങ്ങളിൽ ബഹ്‌റൈനിൽ വളരെ വിജയകരമായി നടത്തിവന്നിരുന്ന ഉപയോഗിച്ച പാഠപുസ്തക ശേഖരണവും വിതരണവും ഈ വർഷവും തുടരുമെന്ന് ഇൻഡക്സ് ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു. മുൻകൂട്ടി ഇന്ഡകസിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് (www.indexbahrain.com) മുൻഗണന നൽകിയാണ് ഇത്തവണ പുസ്തക വിതരണം നടക്കുക.
മുൻകാലങ്ങളിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് വളരെ വിപുലമായ രീതിയിൽ നടത്തിയിരുന്ന വിതരണം കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി അത്തരത്തിൽ ചെയ്യാൻ സാധിക്കാത്തത് വലിയ വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട്. എങ്കിലും പരമാവധി പേര് വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെട്ടുത്തിയും അല്ലാത്തവ നേരിട്ടും ശേഖരിക്കുകയും വിതരണം ചെയ്തുമാണ് നടന്നുവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്കൂളിൽ നേരിട്ടുള്ള വിദ്യാഭ്യാസം രണ്ടുവർഷമായി ഇല്ലാത്തതിനാൽ പുസ്തകങ്ങൾ മിക്കവയും വീണ്ടും ഉപയോഗിക്കാൻ കഴിയുന്നവ ആയിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾ പുസ്തകങ്ങൾ നൽകുവാൻ മുന്നോട്ടു വരണമെന്നും, പഴയ പാഠപുസ്തകങ്ങൾ സ്വീകരിച്ച് വീണ്ടും ഉപയോഗിക്കുവാൻ കൂടുതൽ വിദ്യാർഥികൾ തയ്യാറാകണമെന്നും പ്രതിനിധികൾ അഭ്യർത്ഥിച്ചു.
ബഹ്‌റൈനിലെ മുഴുവൻ സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ സംഘടനകളുടെയും സഹകരണത്തോടെയാണ് ഇത്തവണയും പദ്ധതി നടപ്പാക്കുന്നത്. പുസ്തകങ്ങൾ നൽകുവാൻ താല്പര്യമുള്ളവർക്ക് ഇന്ത്യൻ ക്ലബ്ബ്, ബഹ്‌റൈൻ കേരളീയ സമാജം, അയപ്പ ക്ഷേത്രം (കാനു ഗാർഡൻ), ഗുരുദേവ സൊസൈറ്റി എന്നിവിടങ്ങളിൽ വെച്ചിരിക്കുന്ന ബോക്സിൽ നേരിട്ട് ഏൽപ്പിക്കുകയോ ഇന്ഡക്സ് ഭാരവാഹികളായ തിരുപ്പതി (36754440), സെന്തിൽ, രാജേഷ് (33999287), അജി ഭാസി (33170089), അനീഷ് വർഗീസ്(33950760) എന്നിവരെ ബന്ധപ്പെടുകയോ ഇന്ഡക്സ് വെബ്‌സൈറ്റിൽ www.indexbahrain.com രജിസ്റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ്. പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും ഇതേ രീതിയിൽ ബന്ധപ്പെടാം.
മുൻവർഷങ്ങളിൽ നിർധനരായ കുട്ടികൾക്ക് സ്കൂൾ യൂണിഫോം സൗജന്യമായി നൽകിവന്നിരുന്ന പദ്ധതി, (സ്കൂൾ വിദ്യാഭ്യാസം സാധാരണഗതിയിൽ ആകുമെന്ന പ്രതീക്ഷയോടെ) ഈ വർഷം ആവശ്യക്കാർക്ക് യൂണിഫോം ലഭിക്കുന്നതിനായി ഇന്ഡക്സ് ഭാരവാഹികളായ, സാനി പോൾ (39855197), സേവി മാത്തുണ്ണി (36800676) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.